ബ്രിട്ടീഷ് എഴുത്തുകാരനായ ജെ.കെ. റൗളിംങ് എഴുതിയ ഫാന്റസി നോവലുകളുടെ ഒരു പരമ്പരയാണ് ഹാരി പോട്ടര്‍. ഇതിന് മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുണ്ട്.
ഇപ്പോള്‍ ഹാപ്പി സാഡ് കണ്‍ഫ്യൂസ്ഡ് എന്ന പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഹാരി പോട്ടര്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഗാരി ഓള്‍ഡ്മാന്‍.
ഹാരി പോട്ടര്‍ ഫ്രാഞ്ചൈസിയില്‍ സിറിയസ് ബ്ലാക്ക് എന്ന കഥാപാത്രത്തെയാണ് ഗാരി അവതരിപ്പിച്ചിട്ടുള്ളത്. സിനിമയില്‍ ആ കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചത് വളരെ സാധാരണമായിട്ടാണ് എന്നാണ് കരുതുന്നതെന്ന് താരം പറഞ്ഞു.
പ്രൊഫസര്‍ സ്നോപ്പിന്റെ കഥാപാത്രത്തെ ചെയ്ത അലന്‍ റിക്ക്മാനെ പോലെ ഹാരി പോട്ടറിന്റെ പുസ്തകം വായിച്ചിരുന്നെങ്കില്‍ സിറിയസ് ബ്ലാക്ക് എന്ന തന്റെ കഥാപാത്രത്തെ കുറച്ച് കൂടെ വ്യത്യസ്തമായിട്ടോ മികച്ചതായിട്ടോ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമായിരുന്നു എന്നും ഗാരി ഓള്‍ഡ്മാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഹാരി പോട്ടറില്‍ എന്റെ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചത് വളരെ സാധാരണമായാണ് എന്നാണ് കരുതുന്നത്. ഒരുപക്ഷേ, ഞാന്‍ അലനെ പോലെ പുസ്തകങ്ങള്‍ വായിച്ചിരുന്നെങ്കില്‍, എന്താണ് ഇനി വരാനിരിക്കുന്നതെന്ന് എനിക്കറിയാന്‍ കഴിയുമായിരുന്നു.
അങ്ങനെയെങ്കില്‍ എന്റെ കഥാപാത്രത്തെ കുറച്ച് കൂടെ വ്യത്യസ്തമായിട്ടോ മികച്ചതായിട്ടോ അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു എന്നാണ് ഞാന്‍ ഇപ്പോള്‍ സത്യസന്ധമായി കരുതുന്നത്,’ ഗാരി ഓള്‍ഡ്മാന്‍ പറഞ്ഞു.
ഒപ്പം ഹാരി പോട്ടറില്‍ തന്റെ കഥാപാത്രത്തെ വളരെ നേരത്തെ തന്നെ കൊന്നുകളഞ്ഞുവെന്നും അതില്‍ താന്‍ ഇപ്പോഴും അസ്വസ്ഥനാണെന്നും താരം പറയുന്നു. പോഡ്കാസ്റ്റില്‍ തന്റെ മറ്റു സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും ഗാരി ഓള്‍ഡ്മാന്‍ സ്വയം വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചു.
താന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ തെറ്റുകള്‍ കണ്ടെത്താതിരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
‘ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍ തെറ്റുകള്‍ കണ്ടെത്താതിരിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. അതേസമയം ഞാന്‍ എന്റെ ഏതെങ്കിലും സിനിമ കണ്ട് ആ സിനിമ നല്ലതാണെന്ന് കരുതിയാല്‍ അത് വളരെ സങ്കടകരമായ കാര്യമാകും. കാരണം അങ്ങനെ വന്നാല്‍ എന്റെ അടുത്ത സിനിമ അതിലും മികച്ചതാകുമെന്ന് നിങ്ങള്‍ ആഗ്രഹിക്കും,’ ഗാരി ഓള്‍ഡ്മാന്‍ പറയുന്നു.
Content Highlight: Gary Oldman Talks About Harry Potter Movies