| Friday, 27th October 2023, 8:52 am

ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ടീമിനെ പ്രവചിച്ച് മാഞ്ചസ്റ്റര്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ കിരീടത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ ഏത് ടീം ജേതാക്കളാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവില്‍.

2023-24 സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ആഴ്‌സണല്‍ നേടുമെന്നാണ് ഗാരി നെവിന്റെ പ്രവചനം.

എക്സിലെ ഒരു ചോദ്യോത്തര സെക്ഷനില്‍ ഈ വര്‍ഷത്തെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍ ആരാവുമെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ആഴ്സണല്‍’ എന്നായിരുന്നു നെവില്‍ എക്സില്‍ കുറിച്ചത്.

2003-04 സീസണില്‍ ആഴ്സന്‍ വെങറുടെ നേതൃത്വത്തിലാണ് ഗണ്ണേഴ്സ് അവസാനമായി കിരീടം ചൂടിയത്. അന്ന് ഒരു മത്സരം പോലും തോല്‍ക്കാതെ അജയ്യരായി കൊണ്ടായിരുന്നു ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ആഴ്സണല്‍ കിരീടത്തിന്റെ അടുത്ത് വരെ എത്തിയിരുന്നു. 248 ദിവസങ്ങള്‍ പോയിന്റ് ടേബിളില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് നിന്നു. എന്നാല്‍ അവസാനമായപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടുകയായിരുന്നു. പെപ് ഗാര്‍ഡിയോളയും സംഘവുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിലായിരുന്നു ആഴ്സണല്‍ ഉണ്ടായിരുന്നത്.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നും ആറ് വിജയങ്ങളും മൂന്നു സമനിലയും അടക്കം 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പീരങ്കിപ്പട. അത്ര തന്നെ പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ സിറ്റി ആഴ്‌സണലിന്റെ മുന്നിലാണ്. 23 പോയിന്റുമായി ടോട്ടനാം ഹോട്‌സ്പര്‍ ആണ് ഒന്നാം സ്ഥാനത്ത്.

എന്തായാലും കടുത്ത പോരാട്ടം തന്നെയായിരിക്കും ഇംഗ്ലണ്ടില്‍ നടക്കുക. 20 വര്‍ഷങ്ങള്‍ക്കുശേഷം ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നെറുകയില്‍ എത്തുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: Gary Neville predicts who will win the 2023-24 English premiere league tittle

We use cookies to give you the best possible experience. Learn more