അന്താരാഷ്ട്ര കായിക ടൂർണമെന്റുകളിൽ നിന്ന് ഇസ്രഈലിനെ നിരോധിക്കണം; പോസ്റ്റ് പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം
World News
അന്താരാഷ്ട്ര കായിക ടൂർണമെന്റുകളിൽ നിന്ന് ഇസ്രഈലിനെ നിരോധിക്കണം; പോസ്റ്റ് പങ്കുവെച്ച് മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th January 2024, 9:38 pm

ലണ്ടൻ: അന്താരാഷ്ട്ര കായിക ടൂർണമെന്റുകളിൽ നിന്ന് ഇസ്രഈലിനെ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന പോസ്റ്റ് ഷെയർ ചെയ്ത് മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരവും ഫുട്ബോൾ കമന്റേറ്ററുമായ ഗാരി ലിനേക്കർ.

ഗസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഫിഫ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക സംഘടനകളിൽ നിന്ന് ഇസ്രഈലിനെ സസ്പെൻഡ് ചെയ്യണമെന്ന ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ ആവശ്യം ഫലസ്തീനിയൻ ക്യാമ്പയിൻ ഫോർ അക്കാഡമിക് ആൻഡ് കൾച്ചറൽ ബോയ്ക്കോട്ട് ഓഫ് ഇസ്രഈൽ (പി.എ.സി.ബി.ഐ) എന്ന സംഘടന എക്‌സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

ഇത് ഗാരി ലിനേക്കർ റി-ഷെയർ ചെയ്യുകയായിരുന്നു. പിന്നാലെ ലിനേക്കറിനെ പിന്തുണച്ചുകൊണ്ട് ഫലസ്തീൻ അനുകൂലികളും രംഗത്തെത്തി. അതേസമയം ലിനേക്കറിന്റെ നടപടിക്കെതിരെ ഇസ്രഈൽ അനുകൂലികളുടെ വിമർശനവും ശക്തമാണ്.

മിഡിൽ ഈസ്റ്റിലെ വിവരമില്ലാത്ത കമന്റേറ്ററാണ് ലിനേക്കർ എന്ന് കൺസർവേറ്റീവ് എം.പി ആൻഡ്രൂ പെർസി ആരോപിച്ചു. നികുതി ദായകരുടെ പണം സ്വീകരിച്ച് ബി.ബി.സിയിൽ ജോലി ചെയ്യുന്ന ആരും ജൂതന്മാർക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമാകരുതെന്നും പെർസി പറഞ്ഞു.

1986ലെ ഫുട്ബോൾ ലോകകപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലിനേക്കർ. 1990ൽ ഇംഗ്ലണ്ടിനെ സെമിഫൈനലിലേക്ക് നയിച്ചതും അദ്ദേഹമായിരുന്നു.

ബി.ബി.സിയിൽ ഫ്ലാഗ്ഷിപ്പ് ഫുട്ബോൾ ഷോയായ മാച്ച് ഓഫ് ദി ഡേ അവതരിപ്പിക്കുന്ന ലിനേക്കർ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിരന്തരം വിമർശനങ്ങൾക്ക് വിധേയനായിരുന്നു.

കഴിഞ്ഞവർഷം ബ്രിട്ടീഷ് സർക്കാരിന്റെ അഭയാർത്ഥി പദ്ധതി പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളോടുള്ള ക്രൂരമായ നയമാണെന്ന് അഭിപ്രായപ്പെട്ടതിന് ലിനേക്കർ രാജിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

തുടർന്ന് ലിനേക്കറിനെ താത്കാലികമായി ഷോയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് ഐക്യദാർഢ്യം നേർന്നുകൊണ്ട് സഹ അവതാരകരായ അയാൻ റൈറ്റും അലൻ ഷിയററും പരിപാടി ബഹിഷ്കരിച്ചതോടെ അദ്ദേഹത്തെ ബി.ബി.സി തിരിച്ചെടുത്തു.

Content Highlight: Gary Lineker sparks row after seemingly supporting Israel sports ban