| Tuesday, 20th June 2023, 7:30 pm

2011 വേള്‍ഡ് കപ്പ് വിന്നിങ് കോച്ചിനെ തിരികെയെത്തിക്കാന്‍ ബി.സി.സി.ഐ; നിരാശപ്പെടുത്തുന്ന പ്രതികരണവുമായി കേസ്റ്റണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വനിതാ ടീമിന്റെ പ്രധാന പരിശീലകനായി ഗാരി കേസ്റ്റണെ നിയമിക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ അടക്കമുള്ള കായികമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഗാരി കേസ്റ്റണെ വനിതാ ടീമിന്റെ ഹെഡ് കോച്ചായി നിയമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും ഐ.പി.എല്‍ അടക്കമുള്ള തിരക്കുകളിലായതിനാല്‍ കേസ്റ്റണ്‍ ഈ സ്ഥാനം നിരസിക്കുകയായിരുന്നു.

കേസ്റ്റണ്‍ അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യമാണ് ഇപ്പോള്‍ ബി.സി.സി.ഐക്ക് മുമ്പിലുള്ളത്. മികച്ച അന്താരാഷ്ട്ര പരിശീലകരെ തന്നെ ടീമിന്റെ ഭാഗമാക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമോല്‍ മസുംദാറാണ് ബി.സി.സി.ഐയുടെ പരിഗണനയിലുള്ള പേരുകാരില്‍ ഒരാള്‍. നിലവില്‍ ടീമിന്റെ ഇടക്കാല കോച്ചായ ഹൃശികേശ് കനിക്തറിന് മറ്റൊരു അവസരം ലഭിക്കുമോ എന്നതും ചോദ്യമാണ്.

രമേഷ് പവാര്‍ വി.വി.എസ് ലക്ഷ്മണിന് കീഴില്‍ സ്പിന്‍ ബൗളിങ് കോച്ചായി എന്‍.സി.എയിലെത്തിയതോടെയാണ് കനിക്തര്‍ വനിതാ ടീമിന്റെ ഇടക്കാല കോച്ചായി നിയമിക്കപ്പെട്ടത്.

ഇംഗ്ലണ്ടിനായി ലോകകപ്പ് നേടിക്കൊടുത്ത ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സിന്റെ പേരും ബി.സി.സി.ഐയുടെ പ്രധാന പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഷാര്‍ലെറ്റ് കിരീടം നേടുകയും ചെയ്തിരുന്നു.

ഹര്‍മന്‍പ്രീത് കൗറിനൊപ്പം മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ചതുതന്നെയാണ് ബി.സി.സി.ഐയുടെ പരിഗണനിയിലേക്ക് ഷാര്‍ലെറ്റിന്റെ പേര് എത്താനുള്ള പ്രധാന കാരണം. ഡബ്ല്യൂ.പി.എല്ലിലേതെന്ന പോലെ ഹര്‍മന്‍പ്രീത് കൗര്‍ – ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് മാജിക് നാഷണല്‍ ടീമിനെയും കിരീടം നേടാന്‍ പോന്നവരാക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

രണ്ട് വര്‍ഷത്തേക്കാവും ബി.സി.സി.ഐ പരിശീലകരെ നിയമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ രണ്ട് വര്‍ഷക്കാലയളവില്‍ രണ്ട് പ്രധാന ഐ.സി.സി ടൂര്‍ണമെന്റുകളും നടക്കുന്നുണ്ട്.

2024ല്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഐ.സി.സി ടി-20 ലോകകപ്പും 2025ന് ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പുമാകും പുതുതായി നിയമിക്കുന്ന പരിശീലകന്റെ ചെക്ക് ലിസ്റ്റില്‍ പ്രധാനമായും ഉണ്ടാവുക.

Content Highlight: Gary Kirsten turns down BCCI’s offer to coach Indian women’s team

We use cookies to give you the best possible experience. Learn more