[]ഹൈദരാബാദ്: മികച്ച കഴിവുള്ള അപൂര്‍വ്വം ചില ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെന്ന് മുന്‍ ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്റ്റന്‍. []
വലിയൊരു ക്രിക്കറ്റ് താരമായി ഭാവിയില്‍ കോഹ്‌ലി വളരുമെന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്‌ലിയുമായി വര്‍ക്ക് ചെയ്ത് തുടങ്ങിയ സമയത്ത് തന്നെ വ്യത്യസ്തമായ അനുഭവമാണ് എനിക്ക് ഉണ്ടായത്. അധികം ആരിലും കാണാന്‍ കഴിയാത്ത അപൂര്‍വ്വ കഴിവിന് ഉടമയാണ് അയാള്‍.
കഴിഞ്ഞ നാളത്തെ അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ തന്നെ ആ ഉയര്‍ച്ച കാണാവുന്നതാണ്. ഇക്കാലത്തിനുള്ളില്‍ തന്നെ ഏറെ പക്വത നേടിയെടുക്കാനും കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും ഏറെ സന്തോഷത്തോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്- ഗാരി കിര്‍സ്റ്റന്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ചീഫ് കോച്ചായി ഇന്നലെയാണ് കിര്‍സ്റ്റന്‍ ചുമതലയേറ്റത്.
ഭാവിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പദവിയിലേക്ക് നിര്‍ത്താവുന്ന ഏതെങ്കിലും താരം ഇന്ത്യന്‍ ടീമിലുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തില്‍ സച്ചിന്റെ സ്ഥാനത്ത് വെക്കാവുന്ന ഒരാളെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നായിരുന്നു കിര്‍സ്റ്റന്റെ മറുപടി.
സച്ചിനെ പോലെ പ്രതിഭാധനനായ ഒരു വ്യക്തിയ്ക്ക് പകരക്കാരനായി ഒരാളെ പറയുകയെന്നത് വളരെ കഠിനമായ കാര്യമാണ്. അതുകൊണ്ട് തന്നെ അതില്‍ താന്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.