| Monday, 27th February 2023, 2:43 pm

'റൊണാള്‍ഡോക്ക് ചെയ്യാന്‍ പറ്റാത്തത് അവന് ചെയ്യാനായി'; യുണൈറ്റഡിന്റെ തകര്‍പ്പന്‍ ജയത്തെ പ്രശംസിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇ.എഫ്.എല്‍ കപ്പില്‍ കഴിഞ്ഞ ദിവസം ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടിയിരുന്നു. 2017ന് ശേഷം ആദ്യമായാണ് യുണൈറ്റഡ് യൂറോപ്പില്‍ ഒരു കിരീടം നേടുന്നത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. സൂപ്പര്‍താരങ്ങളായ കാസെമിറോയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്.

മത്സരത്തില്‍ കാസെമിറോയുടെ പ്രകടനം പ്രശംസനീയമായിരുന്നു. താരത്തെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ഇപ്പോള്‍ യുണൈറ്റഡിന്റെ മുന്‍ താരം ഗാര്‍ത്ത് ക്രൂക്‌സും താരത്തെ പ്രശംസിച്ചെത്തിയിട്ടുണ്ട്. ഒരു മികച്ച ലീഡറിനെ പോലെയായിരുന്നു ഇ.എഫ്.എല്ലില്‍ കാസെമിറോയുടെ പ്രകടനമെന്നും യുണൈറ്റഡില്‍ റൊണാള്‍ഡോ ചെയ്യാന്‍ പരാജയപ്പെട്ടത് ഭംഗിയായി അദ്ദേഹം ചെയ്‌തെന്നും ക്രൂക്‌സ് പറഞ്ഞു.

‘ഇ.എഫ്.എല്ലില്‍ ന്യൂകാസിലിനെതിരെ എത്ര ഭംഗിയായിട്ടാണ് കാസെമിറോ കൡച്ചത്. ഒരു മികച്ച ലീഡറെ പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇവിടെ ചെയ്യാന്‍ സാധിക്കാതിരുന്നത് അവന് സാധിച്ചു. സഹതാരങ്ങള്‍ക്കിടയിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും നല്ല സ്ഥാനമുണ്ടാക്കാനും കാസെമിറോക്കായി,’ ക്രൂക്‌സ് പറഞ്ഞു.

മത്സരത്തിന്റെ 33ാം മിനിട്ടിലാണ് കാസെമിറോയുടെ ഗോള്‍ പിറന്നത്. 39ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിന്റേതായിരുന്നു രണ്ടാം ഗോള്‍.

റാഫേല്‍ വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനെസും കോട്ട കാത്തതോടെ യുണൈറ്റഡ് ഗോളി ഡിഹിയയെ കാര്യമായി പരീക്ഷിക്കാന്‍ ന്യുകാസില്‍ താരങ്ങള്‍ക്കായില്ല. ടീമില്‍ വന്‍ അഴിച്ചുപണി നടത്തി കിരീടത്തിലേക്ക് നയിച്ച കോച്ച് എറിക് ടെന്‍ ഹാഗിനെ പ്രശംസിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

അതേസമയം, പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്. 24 മത്സരങ്ങളില്‍ 49 പോയിന്റാണ് യുണൈറ്റഡിനുള്ളത്. 57 പോയിന്റുകളുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്തും 25 മത്സരങ്ങളില്‍ 55 പോയിന്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.

എഫ്.എ കപ്പില്‍ മാര്‍ച്ച് രണ്ടിന് വെസ്റ്റ് ഹാമിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights: Garth Crooks praises Casemiro after the win in EFL Cup

We use cookies to give you the best possible experience. Learn more