ക്രിസ്റ്റ്യാനോ പടിയിറങ്ങിയതോടെ യുണൈറ്റഡില്‍ അവന്റെ നല്ല കാലം തെളിഞ്ഞു: മുന്‍ താരം
Fooball
ക്രിസ്റ്റ്യാനോ പടിയിറങ്ങിയതോടെ യുണൈറ്റഡില്‍ അവന്റെ നല്ല കാലം തെളിഞ്ഞു: മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 5:44 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതോടെ സൂപ്പര്‍താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന് തിളങ്ങാനായെന്ന് മുന്‍ സ്പഴ്‌സ് താരം ഗാര്‍ത്ത് ക്രൂക്‌സ്.

കഴിഞ്ഞ ദിവസം ലീഡ്‌സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യണൈറ്റഡ് ലീഡ്‌സിനെ തോല്‍പ്പിച്ചിരുന്നു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും അലജാന്‍ഡ്രോ ഗാര്‍നാച്ചോയുമാണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ 21 ഗോളുകളാണ് റാഷ്‌ഫോര്‍ഡ് അക്കൗണ്ടിലാക്കിയത്. നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്ന യുണൈറ്റഡിനെ റാഷ്‌ഫോര്‍ഡ് കരക്കെത്തിക്കുന്ന കാഴ്ചക്കാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്.

റൊണാള്‍ഡോ പടിയിറങ്ങിയതിന് ശേഷം റാഷ്‌ഫോര്‍ഡിന് കൂടുതല്‍ അവസരങ്ങള്‍ ഒത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ക്ലബ്ബിന്റെ പോയിന്റ് നില കുത്തനെ ഉയര്‍ത്താനുള്ള ശ്രമത്തിലാണെന്നും ക്രൂക്ക്‌സ് പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം നീങ്ങിയെന്നും ക്ലബ്ബ് തങ്ങളുടെ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.

അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പരണ ധാരണയോടെ പിരിഞ്ഞത്.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു. 200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്‌ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.

Content Highlights: Garth Crooks criticizes Cristiano Ronaldo