രണ്ടാഴ്ച കഴിഞ്ഞ് മിണ്ടാമെന്ന് റോണോ, ഇപ്പോള്‍ മിണ്ടണമെന്ന് മുന്‍ താരം!
football news
രണ്ടാഴ്ച കഴിഞ്ഞ് മിണ്ടാമെന്ന് റോണോ, ഇപ്പോള്‍ മിണ്ടണമെന്ന് മുന്‍ താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th August 2022, 6:18 pm

 

കഴിഞ്ഞ കുറച്ചുകാലമായി ഫുട്‌ബോളില്‍ ഒരുപാട് വാര്‍ത്തയാകുന്നതാണ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള കാര്യങ്ങളും. അദ്ദേഹത്തിന് യുണൈറ്റഡില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു .എന്നാല്‍ മറ്റു ടീമുകളൊന്നും അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കാത്തതില്‍ യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു.

ടീമില്‍ റോണോ സംതൃപ്‌നല്ലെന്നും ടീമംഗളുമായി ഭക്ഷണം പോലും കഴിക്കില്ലെന്നുമടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്നും സത്യമെന്താണെന്ന് രണ്ടാഴ്ച കഴിഞ്ഞ പറയുമെന്നും റോണോ പറഞ്ഞിരുന്നു.

എന്നാല്‍ റോണോ എന്തിനാണ് മിണ്ടാതിരിക്കുന്നത് എന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരമായ ഗാരി നെവില്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ രണ്ടാഴ്ച കഴിഞ്ഞ് സത്യങ്ങള്‍ തുറന്ന് പറയുമെന്ന് പറഞ്ഞത്. എന്നാല്‍ എന്തിനാണ് റൊണാള്‍ഡോ ഇപ്പോള്‍ മിണ്ടാതിരിക്കുന്നത് എന്ന് നെവില്‍ ചോദിക്കുന്നു. റൊണാള്‍ഡോ ഈ ക്ലബിലെ ഏറ്റവും വലിയ താരമാണ്. ക്ലബ് പ്രതിസന്ധിയില്‍ ഇരിക്കെ അദ്ദേഹം അല്ലാതെ ആരാണ് സംസാരിക്കേണ്ടത് എന്നാണ് നെവില്‍ ചോദിക്കുന്നത്.

യുണൈറ്റഡിന്റെ ആരാധകരോട് സത്യം വിളിച്ചുപറയാന്‍ എന്തിനാണ് റോണോ പേടിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരോട് സത്യം പറയാന്‍ എക്കാലത്തെയും മികച്ച കളിക്കാരന് (എന്റെ അഭിപ്രായത്തില്‍) രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുന്നത് എന്തുകൊണ്ട്? സംസാരിക്കുന്നെങ്കില്‍ ഇപ്പോള്‍ എഴുന്നേറ്റു സംസാരിക്കുക. ക്ലബ് പ്രതിസന്ധിയിലാണ്, അതിന് നേതൃത്വം നല്‍കാന്‍ നല്ല ലീഡര്‍മാര്‍ ആവശ്യമാണ്. അയാള്‍ക്ക് മാത്രമേ ഈ കഴുത്ത് ഞെരിച്ച് നില്‍ക്കുന്ന അവസ്ഥയില്‍ എന്തെങ്കിലും സംസാരിക്കാന്‍ സാധിക്കുകയുള്ളൂ,’ നെവില്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും യുണൈറ്റഡ് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ ബ്രൈറ്റണോടും രണ്ടാം മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനോടുമാണ് യുണൈറ്റഡ് തോറ്റത്.

ആദ്യ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് റോണോ ഇറങ്ങിയതെങ്കില്‍ രണ്ടാം മത്സരത്തില്‍ 90 മിനിട്ടും അദ്ദേഹം കളിച്ചിരുന്നു. രണ്ട് മത്സരത്തിലും യാതൊരു ഇംപാക്റ്റുമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

Content Highlight: Garry Nevil advices Cristiano Ronaldo