| Saturday, 15th December 2018, 10:31 am

ഗാരി കേര്‍സ്റ്റണ്‍ വീണ്ടും വരുന്നു; മിതാലിയെയും സംഘത്തേയും പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് ഗാരി കേര്‍സ്റ്റണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യയ്ക്ക് 2011 ലെ ഏകദിന ലോകകപ്പ് സമ്മാനിച്ച മുന്‍ പരിശീലകനും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവുമായ ഗാരി കേര്‍സ്റ്റണ്‍ വനിതാ ടീമിന്റെ പരിശീലകനാകാനൊരുങ്ങുന്നു. പരിശീലകസ്ഥാനത്തേക്ക് കേഴ്സ്റ്റണ്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം. അപേക്ഷ ലഭിച്ചതായി ബി.സി.സി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.

ടി-20 ലോകകപ്പ് സെമിയില്‍ വെറ്ററന്‍ താരം മിതാലി രാജിനെ കളിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നതോടെയാണ് പരിശീലകസ്ഥാനം ബി.സി.സി.ഐയ്ക്ക് തലവേദനയായത്.

മുന്‍ പരിശീലകന്‍ രമേഷ് പവാറിനെതിരെ മിതാലി രംഗത്തെത്തിയിരുന്നു. നവംബര്‍ 30 ന് പവാറിന്റെ കാലാവധി അവസാനിച്ചിരുന്നു. പവാര്‍ വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.

ALSO READ: പേസിനെ പുല്‍കി പെര്‍ത്ത്; ഓസീസ് 326 ന് പുറത്ത്

പവാറിന് പിന്തണയുമായി ടി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗാരി കേര്‍സ്റ്റണെ നിയമിക്കുകയാണെങ്കില്‍ ടീമിലെ ഭിന്നതയും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2008 മുതല്‍ 2011 വരെ ഇന്ത്യന്‍ പുരുഷടീമിന്റെ പരിശീലകനായിരുന്നു കേര്‍സ്റ്റണ്‍. ജോണ്‍ റൈറ്റിനു ശേഷം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പരിശീലകനായാണ് കേര്‍സ്റ്റണെ വിലയിരുത്തുന്നത്.

2011 ലോകകപ്പ് വിജയത്തിനുശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച കേര്‍സ്റ്റണ്‍ തുടരണമെന്നാവശ്യപ്പെട്ട് സച്ചിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് കേര്‍സ്റ്റണ്‍ എന്നായിരുന്നു ധോണി പറഞ്ഞിരുന്നത്.

ALSO READ: ലങ്കന്‍ നായകനായി വീണ്ടും ലസിത് മലിംഗ

2011-13 കാലയളവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെയും മുന്‍താരം കൂടിയായ കേര്‍സ്റ്റണ്‍ പരിശീലിപ്പിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ താരങ്ങളായ അതുല്‍ ബിഡേഡ്, ഡേവിഡ് ജോണ്‍സണ്‍, മനോജ് പ്രഭാകര്‍ തുടങ്ങിയവര്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഡേവിഡ് വാട്ട്‌മോര്‍, ഹെര്‍ഷലെ ഗിബ്‌സ്, ഒവൈസ് ഷാ തുടങ്ങിയ വിദേശതാരങ്ങളും പട്ടികയിലുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more