| Monday, 31st October 2022, 11:43 pm

സംശയമെന്ത്, അവന്‍ റോണോയുടെ പിന്‍ഗാമി തന്നെ: അര്‍ജന്റൈന്‍ യുവ താരത്തെ പ്രശംസിച്ച് മുന്‍ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറുമ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് റൊണാള്‍ഡോയോ റാഷ്‌ഫോര്‍ഡോ അല്ല. ഈ സീസണില്‍ മിന്നും പ്രകടനം കാഴ്ച വെച്ച് ആരാധകരെ സമ്പാദിക്കുകയാണ് അര്‍ജന്റൈന്‍ കൗമാര താരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ.

ഷെറീഫുമായി നടന്ന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് 18കാരനായ ഗാര്‍നച്ചോയാണ്.

മത്സരത്തില്‍ ഗാര്‍നാച്ചോക്ക് ഗോള്‍ നേടാനോ അസിസ്റ്റ് നല്‍കാനോ സാധിച്ചില്ലെങ്കിലും യുണൈറ്റഡിന്റെ ഏറ്റവും മികച്ച പ്രകടനക്കാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്നാണ് വിലയിരുത്തല്‍.

ഇപ്പോള്‍ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ സ്‌കോള്‍സ്. യുണൈറ്റഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കറും പോര്‍ച്ചുഗല്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായാണ് സ്‌കോള്‍സ് ഗാര്‍നാച്ചോയെ താരതമ്യപ്പെടുത്തിയത്.

”ഗാര്‍നാച്ചോ അസാധ്യ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവന്‍ ഒരു യുവ ക്രിസ്റ്റ്യാനോയാണെന്നാണ് എനിക്ക് തോന്നിയത്. അവന്റെ പ്രകടനം കണ്ടാല്‍ ഒരു 18കാരന്‍ ആണെന്ന് ഒരിക്കലും പറയില്ല. ഭാവിയില്‍ യുണൈറ്റഡിന്റെ താരം തന്നെയാവും ഗാര്‍നച്ചോ,’ സ്‌കോള്‍സ് പറഞ്ഞു.

കൂടുതല്‍ അവസരം ലഭിച്ചാല്‍ ഗാര്‍നാച്ചോ യുണൈറ്റഡിന്റെ സൂപ്പര്‍താരമാകുമെന്നുറപ്പാണെന്നും സ്‌കോള്‍സ് കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 18 ലെവലില്‍ സ്‌പെയിനിനു വേണ്ടി കളിച്ച ഗാര്‍നാച്ചോ പിന്നീട് അമ്മയുടെ ജന്മനാടായ അര്‍ജന്റീനയിലേക്ക് മാറുകയായിരുന്നു.

ഇതുവരെ അണ്ടര്‍ 20 ലെവലില്‍ മാത്രമാണ് അദ്ദേഹം അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡ് എഫ്.എ യൂത്ത് കപ്പ് ഉയര്‍ത്തിയപ്പോള്‍ രണ്ട് ഗോളുകള്‍ നേടി താരം ജനശ്രദ്ധ നേടിയിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിവിധ യൂത്ത് ടീമുകള്‍ക്കായി 53 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും സംഭാവന ചെയ്യാന്‍ താരത്തിനയി.

ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഒരും മത്സരത്തില്‍ യുണൈറ്റഡ് സൂപ്പര്‍ കോച്ച് എറിക് ടെന്‍ഹാഗ് അലജാന്‍ഡ്രോയെ പകരക്കാരനായി ഇറക്കിയിരുന്നു.

അതേസമയം പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു വിജയം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഹാമിനെ 1-0നാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്.

Content Highlights: Garnacho is like a young Cristiano Ronaldo, says former Manchester United star

We use cookies to give you the best possible experience. Learn more