ചിന്ത്‌വാര: മധ്യപ്രദേശിലെ ചിന്ത്‌വാരയിൽ വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകൾ സംരക്ഷിക്കുവാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ.
കിലോഗ്രാമിന് 400 രൂപ മുതൽ 500 രൂപ വരെയാണ് വിപണിയിൽ വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തിൽ പാടങ്ങളിൽ നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.
തുടർന്ന് വിളകൾ സംരക്ഷിക്കുവാൻ പുതിയ വഴികൾ തേടുകയാണ് കർഷകർ. ക്യാമറകൾ സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കർഷകർ ഭൂമി സംരക്ഷിക്കുകയാണ്.
‘നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളൻ എട്ട് മുതൽ 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോൾ ഞാൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,’ മോഖേഡിലെ വെളുത്തുള്ളി കർഷകനായ രാഹുൽ ദേശ്മുഖ് പറഞ്ഞു.
25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറിൽ വെളുത്തുള്ളി കൃഷി നടത്തിയ രാഹുൽ വിപണിയിൽ നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്.
വെളുത്തുള്ളിയുടെ വാർഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വർധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.
Content Highlight: Garlic prices go all time high, farmers install CCTVs in MP farms