വെളുത്തുള്ളിയുടെ വില ക്രമാതീതമായി കുറയുന്നത് തെരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ബി.ജെ.പി. ഘടകങ്ങള്‍. ചരിത്രം നല്‍കുന്ന പാഠമാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്.
1998ല്‍ ഒക്ടോബറില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 45 മുതല്‍ 50 വരെയായിരുന്നു. ഡിസംബറില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലും രാജസ്ഥാനിലും ബി.ജെ.പി. പരാജയപ്പെട്ടു. അന്ന് സുഷമാ സ്വരാജും ഭൈറോണ്‍ സിങ് ശെഖാവത്തുമായിരുന്നു മുഖ്യമന്ത്രിമാര്‍. ഇത്തവണ അതേ വെല്ലുവിളിയാണ് വസുന്ദര രാജെയും ശിവരാജ് സിങ് ചൗഹാനും നേരിടുന്നത്.
ഇന്ത്യയിലെ ആകെ ഉള്ളി ഉത്പാദനത്തിന്റെ 45 ശതമാനവും രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്. 2016ലെ നോട്ട് നിരോധനത്തോടെയാണ് ഉള്ളിവില ഇടിയാന്‍ തുടങ്ങുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഇരുപത്തിയഞ്ചായിരുന്നു വില. ഇപ്പോഴത് അഞ്ച് രൂപയിലും താഴെയാണ്.
ഒരു കിലോ ഉള്ളിയുടെ വിളവെടുക്കാന്‍ തന്നെ 30 രൂപ വേണം. വില ഇടിവ് കൂടി വന്നതോടെ ദുരിതം ഇരട്ടിയായെന്ന് കര്‍ഷകര്‍ വിലപിക്കുന്നു.
നേരത്തെ കിലോയ്ക്ക് 32 രൂപ നല്‍കി 1.53 ടണ്‍ വെളുത്തുള്ളി സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി. കടം കയറി ഇതുവരെ 150 പേരാണ് ആത്മഹത്യ ചെയ്തതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
പ്രതിസന്ധിയില്‍ സഹായിക്കാത്ത ബി.ജെ.പി.ക്ക് ഇനി വോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷകര്‍ ഇടഞ്ഞുനില്‍ക്കുന്നത് ബി.ജെ.പി.ക്ക് തിരിച്ചടിയാകും. ഈയൊരു സാഹചര്യത്തെ മറികടക്കാനുള്ള തത്രപ്പാട്ടിലാണ് ഇരു സംസ്ഥാനങ്ങളിലേയും ബി.ജെപി. നേതൃത്വം.
കര്‍ഷക പ്രതിസന്ധി തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കര്‍ഷക വായ്പകള്‍ എഴുതിതള്ളുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.