| Thursday, 15th November 2018, 6:20 pm

ഗരിമ അറോറ; മിഷലിന്‍ സ്റ്റാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭക്ഷണ ലോകത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ മിഷലിന്‍ സ്റ്റാര്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ഗരിമ അറോറ. മുംബൈയില്‍ ജനിച്ച അറോറ ഇപ്പോള്‍ ബാങ്കോക്കില്‍ ഇന്തോ-തായ് റസ്‌റ്റോറന്റ് നടത്തി വരികയാണ്. മുംബൈയിലെ ജയ് ഹിന്ദ് കോളേജില്‍ പഠിച്ച അറോറ പാരീസിലെ ലെ കോര്‍ഡോണ്‍ ബ്ല്യൂ അലൂമിനസ് ആണ്.

റാറ്റാറ്റ്വുലെ, 100 ഫൂട്ട് ജേര്‍ണി എന്നീ ജനപ്രിയ ഹോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ മിഷലിന്‍ സ്റ്റാര്‍ എന്ന പ്രയോഗം പരിചിതമാകുന്നത്. ലോകത്തുള്ള ഭക്ഷണ പ്രേമികള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം നിര്‍ദ്ദേശിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് 1900ല്‍ മിഷലിന്‍ സ്റ്റാര്‍ സമ്പ്രദായം തുടങ്ങുന്നത്.


“സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പ്രതീതി ലഭിക്കണം ആളുകള്‍ക്ക്. ആ ഒരു അനുഭവത്തെ മറ്റൊരു തലത്തില്‍ എത്തിച്ച് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്”- പാചകം ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്ന വികാരത്തെക്കുറിച്ച് അറോറ പറയുന്നു. തന്റെ പിതാവിന്റെ പാചക രീതികളാണ് തന്നെ ഒരു ഷെഫ് ആകാന്‍ പ്രേരിപ്പിച്ചതെന്നും അറോറ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു.


ബാങ്കോക്കില്‍ സ്വന്തമായി റസ്റ്റോറന്റ് തുടങ്ങുന്നതിനു മുമ്പ് അറോറ ലോകപ്രശസ്ത ഷെഫ് ആയ ഗോര്‍ദന്‍ റാംസേ, ഗഗ്ഗന്‍ ആനന്ദ് എന്നിവരോടൊപ്പം ജോലി ചെയ്തിരുന്നു.

Image Courtesy: GAA, Bangkok

We use cookies to give you the best possible experience. Learn more