| Monday, 9th May 2022, 1:12 pm

കന്നഡ ഡയലോഗില്‍ തപ്പി തടയുന്ന സായ് പല്ലവി; പിറന്നാള്‍ സമ്മാനവുമായി ഗാര്‍ഗി ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ഗാര്‍ഗി. ചിത്രത്തിലെ സായ് പല്ലവിയുടെ ചില രംഗങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ചില ഷൂട്ടിംഗ് രംഗങ്ങളും ഡബ്ബ് ചെയ്യുന്നതിന്റേയും വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സായ് പല്ലവിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെത്തുന്ന ചിത്രത്തല്‍ മൂന്ന് ഭാഷകള്‍ക്കുമായി ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. കന്നഡ ഡയലോഗുകള്‍ പഠിക്കാന്‍ കഷ്ടപ്പെടുന്ന സായ് പല്ലവിയെ വീഡിയോയില്‍ കാണാം. അല്‍പം തപ്പിതടയുന്നുണ്ടെങ്കിലും അവസാനം ഡയലോഗുകള്‍ ഒഴുക്കോടെ തന്നെ താരം പറയുന്നുണ്ട്.

ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

നാനി നായകനായ റാം സിംഘ റോയിയാണ് അവസാനം പുറത്തിറങ്ങിയ സായ് പല്ലവിയുടെ ചിത്രം. ദേവദാസിമാരുടെ കഥ പറഞ്ഞ ചിത്രം മലയാളമുള്‍പ്പെടെ നാല് ഭാഷകളില്‍ ഇറങ്ങിയിരുന്നു. വലിയ വിജയം നേടിയ ചിത്രത്തില്‍ സായ് പല്ലവിയുടെ അഭിനയം പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പര്‍വമാണ് ഇനി റിലീസ് ചെയ്യാനുള്ള സായ് പല്ലവിയുടെ ചിത്രം. വേണു ഉദുഗുല സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും.

Content Highlight: gargi movie team release the first glimpse of sai pallavi from the movie on her birthday

We use cookies to give you the best possible experience. Learn more