ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൈവല്‍റിക്കാണ് ഇപ്പോള്‍ ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ആഷസിന്റെ 73ാം എഡിഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. എഡ്ജ്ബാസ്റ്റണാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ടെസ്റ്റില്‍ അറ്റാക്കിങ് ക്രിക്കറ്റ് ശൈലി പരീക്ഷിച്ച് വിജയിച്ച ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്നുള്ള ധൈര്യപൂര്‍വമുള്ള തീരുമാനമാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
സെഞ്ച്വറി നേടി ജോ റൂട്ട് ക്രീസില്‍ തുടരവെ, ആദ്യ ദിനം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്താണ് ബ്രണ്ടന്‍ മക്കെല്ലവും ബെന്‍ സ്‌റ്റോക്‌സും ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചത്. ടീം സ്‌കോര്‍ 393ല്‍ നില്‍ക്കവെയായിരുന്നു ത്രീ ലയണ്‍സിന്റെ തീരുമാനം.
ഇംഗ്ലണ്ടിന്റെ ഈ തീരുമാനത്തെ അഭിന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായ ഗാരത് സൗത്ത്‌ഗേറ്റ്. താന്‍ ക്രിക്കറ്റിന്റെ വളരെ വലിയ ആരാധകനാണെന്നും എന്നാല്‍ ടെസ്റ്റില്‍ ആദ്യ ദിവസം തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ വളരെ വലിയ ഒരു ക്രിക്കറ്റ് ആരാധകനാണ്. ഇപ്പോള്‍ ഏറെ ആവേശത്തോടെ കാണാന്‍ സാധിക്കുന്ന ഗെയിമാണത്. അറ്റാക് ചെയ്ത് കളിക്കുക അവരുടെ മനോഭാവമാണ് ഏറ്റവും വലുത്, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്.
അവര്‍ക്കൊപ്പം നിരവധി വേള്‍ഡ് ക്ലാസ് താരങ്ങളുമുണ്ട്. വേള്‍ഡ് ഇലവനില്‍ പോലും സ്ഥാനം പിടിക്കാന്‍ പോന്ന താരങ്ങളാണ് അവര്‍ക്കൊപ്പമുള്ളത്. മികച്ച നിലവാരത്തിലുള്ള കളിയാണ് അവര്‍ പുറത്തെടുക്കുന്നത്.
അവരുടെ കളിരീതി ഏറെ മാറ്റമുള്ളതാണ്. ടെസ്റ്റിലെ ആദ്യ ദിവസം തന്നെ, സ്‌കോര്‍ എട്ട് വിക്കറ്റിന് 393ല്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ടീമിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, അങ്ങനെയുള്ള ആദ്യ ടീമാണ് ഇംഗ്ലണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
അത് വളരെ ഇന്ററസ്റ്റിങ്ങായ ഒരു തീരുമാനമായിരുന്നു. കാരണം ആദ്യ മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും ആളുകള്‍ വിലയിരുത്തുന്നത്,’ സൗത്ത്‌ഗേറ്റ് പറഞ്ഞു.
അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസവും ഓസ്‌ട്രേലിയ ബാറ്റിങ് തുടരുകയാണ്. നിലവില്‍ ടീം 82 റണ്‍സിന് പുറകിലാണ്.
രണ്ടാം ദിവസമവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. സെഞ്ച്വറി നേടി ഉസ്മാന്‍ ഖവാജയും അര്‍ധ സെഞ്ച്വറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയുമാണ് ക്രീസില്‍.
🍿 Another thrilling day of Test cricket draws to a close…
നേരത്തെ ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും ജോണി ബെയര്‍സ്‌റ്റോ സാക്ക് ക്രോളി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 152 പന്തില്‍ നിന്നും 118 റണ്‍സ് നേടി റൂട്ട് തന്റെ കരിയറിലെ 30ാം സെഞ്ച്വറി തികച്ചപ്പോള്‍, ക്രോളി 73 പന്തില്‍ നിന്ന് 61 റണ്‍സും ബെര്‍സ്റ്റോ 78 പന്തില്‍ നിന്ന് 78 റണ്‍സും സ്വന്തമാക്കി.
Content highlight: Gareth Southgate hails England Cricket Team