ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. റയല്‍ മാഡ്രിഡ്-വലന്‍സിയ മത്സരത്തിനിടെയായിരുന്നു സംഭവം. വിനീഷ്യസ് മരിക്കട്ടെയെന്ന് ചാന്റ് ചെയ്ത വലന്‍സിയ ആരാധകര്‍ അദ്ദേഹത്തെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചു. സംഭവത്തില്‍ പ്രകോപനംകൊണ്ട വിനി കളത്തില്‍ വെച്ച് തന്നെ ശക്തമായി പ്രതികരിച്ചിരുന്നു.
പ്രമുഖ താരങ്ങളടക്കം നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുയാണ് ഇപ്പോള്‍ മുന്‍ റയല്‍ മാഡ്രിഡ് ഇതിഹാസം ഗാരെത് ബെയ്ല്‍.
ഫുട്‌ബോളിലോ സമൂഹത്തിലോ വംശീയാധിക്ഷേപത്തിന് സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലാ ലിഗ ശക്തമായ നടപടി സ്വീകരിക്കണം ബെയ്ല്‍ പറഞ്ഞു. വിനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഫുട്‌ബോളിലോ സമൂഹത്തിലോ റേസിസത്തിന് സ്ഥാനമില്ല. ഇത്തരം സംഭവങ്ങള്‍ തുടച്ചുനീക്കുന്നതിനായി ലാ ലിഗ നടപടി സ്വീകരിക്കണം. വിനീഷ്യസിന് എന്റെ എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു,’ ബെയ്ല്‍ പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരത്തിലൊരു സംഭവുണ്ടാകുന്നതെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം നിസാരമാവുകയാണെന്നും വിനീഷ്യസ് കളത്തില്‍ വെച്ച് പറഞ്ഞിരുന്നു. ഫുട്‌ബോളില്‍ ഇത് സാധാരണമാവുകയാണെന്നും ഫെഡറേഷനും എതിര്‍ ടീമിന്റെ ആരാധകരും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വിനി പറഞ്ഞു.
താന്‍ ഇഷ്ടപ്പെടുന്ന ഒരു രാജ്യമിപ്പോള്‍ വിദ്വേഷം പ്രചരിക്കുന്നവരായി മാറിയെന്നും ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും ലീഗ് ഇപ്പോള്‍ വംശീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിനീഷ്യസ് വംശീയാധിക്ഷേപം നേരിട്ടപ്പോള്‍ തന്നെ കളം വിടണമായിരുന്നെന്നാണ് ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പ്രതികരിച്ചത്. ഒരു ബേക്കറിക്കാരനോ അധ്യാപകനോ ജോലി സ്ഥലത്ത് അപമാനിക്കപ്പെടുന്നത് താന്‍ കണ്ടിട്ടില്ലെന്നും കളിക്കളത്തില്‍ ഇത് ആവര്‍ത്തിക്കപ്പെടുകയാണെന്നും സാവി പറഞ്ഞു. വിനിക്ക പൂര്‍ണ പിന്തുണ അറിയിക്കുന്നെന്നും സാവി വ്യക്തമാക്കി.
Content Highlights: Gareth Bale speaks on racist abuse in La Liga