അദ്ദേഹം സ്‌ട്രോങ്ങാണ്, പവര്‍ഫുള്ളാണ്, കംപ്ലീറ്റ് ഫുട്‌ബോളറാണ്; മെസി-റൊണാള്‍ഡോ തര്‍ക്കത്തില്‍ ബെയ്ല്‍ പറഞ്ഞത്
Sports News
അദ്ദേഹം സ്‌ട്രോങ്ങാണ്, പവര്‍ഫുള്ളാണ്, കംപ്ലീറ്റ് ഫുട്‌ബോളറാണ്; മെസി-റൊണാള്‍ഡോ തര്‍ക്കത്തില്‍ ബെയ്ല്‍ പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th January 2023, 10:48 am

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ ഗാരത് ബെയ്ല്‍ കഴിഞ്ഞ ദിവസം ബൂട്ടഴിച്ചിരുന്നു. വെയ്ല്‍സിന്റെ എക്കാലത്തേയും മികച്ച ഫുട്‌ബോളറായ ബെയ്ല്‍ 1958ന് ശേഷം ആദ്യമായി ടീമിനെ ലോകകപ്പിലുമെത്തിച്ചിരുന്നു.

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന്റെ പഴയ പ്രസ്താവനകളെല്ലാം തന്നെ വീണ്ടും ചര്‍ച്ചയിലേക്കുയരുന്നുണ്ട്. മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ താരത്തിന്റെ പഴയ പ്രസ്താവനയാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ചയിലെത്തിയിരിക്കുന്നത്.

2013ല്‍ താരം പറഞ്ഞ വാക്കുകളാണ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്. മെസിയോ റൊണാള്‍ഡോയോ മികച്ചത് എന്ന വിഷയത്തില്‍ താരം അന്ന് റൊണാള്‍ഡോയെയായിരുന്നു പിന്തുണച്ചത്.

നാല് സീസണില്‍ റൊണാള്‍ഡോക്കൊപ്പം റയലില്‍ കളിച്ച താരം, ലോകം കണ്ട എക്കാലത്തേയും മികച്ച മുന്നേറ്റ നിരയിലൊന്നായ ബി.ബി.സിയുടെ അവിഭാജ്യ ഘടകവുമായിരുന്നു.

നേരത്തെ ലൈഫ് ഈസ് എ പിച്ചിന് നല്‍കിയ അഭിമുഖത്തിലാണ് താരം റൊണാള്‍ഡോയെ പിന്തുണച്ച് സംസാരിച്ചത്.

‘എന്നെ സംബന്ധിച്ച്, വ്യക്തിപരമായി ഞാന്‍ റൊണാള്‍ഡോയെയാണ് പിന്തുണക്കുന്നത്. മെസിയേക്കാള്‍ ഒരു കംപ്ലീറ്റ് പ്ലെയറായി എനിക്ക് തോന്നുന്നത് റൊണാള്‍ഡോയെയാണ്. അദ്ദേഹം ഒരു ഫുള്‍ പാക്കേജാണ്.

അദ്ദേഹം സ്‌ട്രോങ്ങാണ്, പവര്‍ഫുള്ളാണ്, വേഗതയുള്ളവനാണ്, അദ്ദേഹത്തിന് മികച്ച രീതിയില്‍ ഹെഡ് ചെയ്യാന്‍ സാധിക്കും, വളരെ എളുപ്പത്തില്‍ മികച്ച രീതിയില്‍ ബോള്‍ സ്‌ട്രൈക്ക് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ക്കൊരിക്കലും മെസിയെ കുറിച്ച് ഒരു കാര്യം പോലും മോശമായി പറയാന്‍ സാധിക്കില്ല. പക്ഷേ, ഒരു ഓള്‍ റൗണ്ട് കംപ്ലീറ്റ് പുട്‌ബോളറെ കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ ഞാന്‍ റൊണാള്‍ഡോക്കൊപ്പം നില്‍ക്കും,’ ബെയ്ല്‍ പറഞ്ഞു.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 438 ലാ ലീഗ മത്സരങ്ങളില്‍ നിന്നുമായി 450 ഗോളുകളാണ് അദ്ദേഹം മാഡ്രിഡിനായി നേടിയിട്ടുള്ളത്.

അഞ്ച് തവണയാണ് റൊണാള്‍ഡോ റയലിനൊപ്പം യൂറോപ്പിന്റെ ചാമ്പ്യനായത്. ഇതില്‍ മൂന്ന് തവണ തുടര്‍ച്ചയായി കിരീട നേടുകയും ചെയ്തിരുന്നു. ഈ മൂന്ന് തവണയും റൊണാള്‍ഡോക്കും റയലിനുമൊപ്പം ബെയ്‌ലുമുണ്ടായിരുന്നു.

 

Content highlight: Gareth Bale on Messi vs Ronaldo debate