റയല്‍ 5-0ന് ജയിച്ചാലും സ്‌കോര്‍ ചെയ്യാത്ത ദേഷ്യത്തില്‍ ഡ്രസിങ് റൂമില്‍ റോണോ തന്റെ ബൂട്ട് വലിച്ചെറിയും: ഗാരെത് ബെയ്ല്‍
football news
റയല്‍ 5-0ന് ജയിച്ചാലും സ്‌കോര്‍ ചെയ്യാത്ത ദേഷ്യത്തില്‍ ഡ്രസിങ് റൂമില്‍ റോണോ തന്റെ ബൂട്ട് വലിച്ചെറിയും: ഗാരെത് ബെയ്ല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th June 2023, 11:53 pm

റയല്‍ മാഡ്രിഡില്‍ അഞ്ച് വര്‍ഷം ഒരുമിച്ച് ചെലവഴിച്ച താരങ്ങളാണ് പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയില്‍സിന്റെ ഗാരെത് ബെയ്‌ലും. റയലിനായി ഇരുവരും ഒരുമിച്ച് നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

തന്റെ മുന്‍ സഹതാരം റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബെയ്ല്‍. റയല്‍ മാഡ്രിഡ് 5-0 എന്ന മാര്‍ജിനില്‍ വിജയിച്ചാലും ആ മത്സരത്തില്‍ റോണോ സ്‌കോര്‍ ചെയ്യാന്‍ പരാജയപ്പട്ടാല്‍ അതിന്റെ ദേഷ്യത്തില്‍ താരം
ഡ്രസിങ് റൂമിലേക്ക് ബൂട്ട് വലിച്ചെറിയാറുണ്ടെന്ന് മുന്‍ വെയില്‍സ് താരം വെളിപ്പെടുത്തി. വ്‌ളോഗര്‍ മാര്‍ട്ടിന്‍ ബോര്‍ഗ് മിയറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബെയ്ല്‍. ക്രിസ്റ്റ്യാനോ നല്ല വ്യക്തിയാണെന്നും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബെയ്ല്‍ പറഞ്ഞു.

‘ശരിക്കും റോണോ നല്ല ഒരു വ്യക്തിയാണ്. അവന് അവന്റേതായ ചില രീതികള്‍ ഉണ്ടെന്ന് മാത്രം. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വ്യക്തിപരമായ ബന്ധങ്ങളിലും മറ്റും ടോട്ടന്‍ഹാമാണ് എനിക്ക് പ്രിയപ്പെട്ടത്. എന്നാല്‍ ഫുട്‌ബോള്‍ കരിയറില്‍ ഞാന്‍ മാഡ്രിഡിനെ കൂടുതല്‍ ആസ്വദിച്ചു,’ ബെയ്ല്‍ പറഞ്ഞു.

സമീപകാല ചിത്രത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഗാരത് ബെയ്ല്‍ ഈ വര്‍ഷമാദ്യമാണ് ബൂട്ടഴിച്ചത്. തന്റെ 33ാം വയസിലായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. വെയ്ല്‍സിന്റെ എക്കാലത്തേയും മികച്ച ഫുട്ബോളറായ ബെയ്ല്‍ 1958ന് ശേഷം ആദ്യമായി ടീമിനെ ലോകകപ്പിലുമെത്തിച്ചിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും വെയ്ല്‍സിന്റെ സാന്നിധ്യ ശ്രദ്ധേയമായിരുന്നു. ക്ലബ്ബ് ലെവലില്‍ അമേരിക്കന്‍ സോക്കര്‍ ലീഗിലാണ് ബെയ്ല്‍ അവസാനമായി ബൂട്ട് കെട്ടിയത്.