| Tuesday, 13th April 2021, 12:07 pm

മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് സാമ്പിള്‍ ശേഖരിക്കുന്നത് തോട്ടക്കാരന്‍; പ്രത്യേക സാഹചര്യമെന്ന് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്.

ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചിലരെക്കൊണ്ട് ഹല്‍കെ റാം സ്വയം സാമ്പിളുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ആളുകള്‍ സ്വയം സാമ്പിളുകള്‍ എടുക്കുകയും ഇവര്‍ക്കുള്ള നിര്‍ദേശം റാം നല്‍കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ആശുപത്രിയിലെ എല്ലാവര്‍ക്കും വൈറസ് ബാധിച്ചതിനാലാണ് താന്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്നാണ് ഹല്‍കെ റാം പറയുന്നത്.

‘ഞാന്‍ ഒരു തോട്ടക്കാരനാണ്. മാത്രമല്ല ഞാന്‍ ആശുപത്രിയിലെ സ്ഥിരം ജോലിക്കാരനുമല്ല, പക്ഷേ ഞാനാണ് ഇപ്പോള്‍ ഇവിടെയെത്തുന്നവരുടെ കൊവിഡ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആശുപത്രിയിലെ മറ്റെല്ലാ ജീവനക്കാര്‍ക്കും കൊവിഡ് പിടിപെട്ടതുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നത്,’ എന്നാണ് റാം പറഞ്ഞത്.

അതേസമയം ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഇതിനെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്, തോട്ടക്കാരന് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.

‘ഞങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു, പക്ഷേ ജോലി തുടരേണ്ടതുണ്ട്, അതിനാല്‍ അടിയന്തിര ബദല്‍ എന്ന നിലയില്‍, സാമ്പിളുകള്‍ ശേഖരിക്കാന്‍ തോട്ടക്കാരന്‍ ഉള്‍പ്പെടെ നിരവധി പേരെ ഞങ്ങള്‍ പരിശീലിപ്പിച്ചിരിക്കുകയാണ്,’ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ രാജ്ഷിരി ടിഡ്‌കെ പറഞ്ഞു.

സംസ്ഥാന ആരോഗ്യമന്ത്രി ഡോ. പ്രഭുരം ചൗധരി പ്രതിനിധീകരിക്കുന്ന റൈസന്‍ നിയമസഭാ മണ്ഡലത്തിലാണ് സാഞ്ചി മെഡിക്കല്‍ കോളേജ്.
ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായിരുന്ന ചൗധരി മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. എന്നാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണപ്പോള്‍ ബി.ജെ.പിയിലേക്ക് പോകുകയായിരുന്നു.

മധ്യപ്രദേശില്‍ തിങ്കളാഴ്ച 6,489 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേരാണ് മരണപ്പെട്ടത്. നിലവില്‍ സംസ്ഥാനത്ത് 38,651 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 4,221 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Conten Highlight: Gardener at Madhya Pradesh hospital seen collecting Covid samples as people perform ‘self’ test

We use cookies to give you the best possible experience. Learn more