| Friday, 9th September 2022, 1:32 pm

ഉത്സവ വേദികള്‍ ലവ് ജിഹാജിന്റെ താവളമാകുന്നു, ഐ.ഡി കാര്‍ഡ് ഇല്ലാതെ ആരും പരിപാടിക്ക് വരേണ്ട; പുതിയ വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ആഘോഷ വേദികള്‍ ലവ് ജിഹാദിന് കാരണമാകുന്നുവെന്ന പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി ഉഷ താക്കൂര്‍. കഴിഞ്ഞ ദിവസം മുസ്‌ലിം പെണ്‍കുട്ടികളോട് ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

നവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ഗര്‍ബ പരിപാടികളെ ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ദൈവികതയുടെ സ്ത്രീരൂപത്തെ ആരാധിക്കുന്ന ഗുജറാത്തികളുടെ നൃത്ത രൂപമാണ് ഗര്‍ബ. ഈ പരിപാടിയില്‍ പൊതുവായി വിവിധ മതത്തില്‍പ്പെട്ടവര്‍ പങ്കെടുക്കാറുണ്ട്.

എന്നാല്‍ ഇനി മുതല്‍ ഗര്‍ബ ഉത്സവത്തില്‍ പങ്കെടുക്കണമെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ ഒരു കാരണവശാലും പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നുമാണ് മന്ത്രിയുടെ പരാമര്‍ശം.

‘എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഗര്‍ബ പന്തലുകള്‍ (നൃത്തത്തിന് വേണ്ടി ഒരുക്കിയ വേദി) ലവ് ജിഹാദിന്റെ പ്രധാന വേദിയായി മാറിയിരിക്കുകയാണ്. അതുകൊണ്ടാണ് തിരിച്ചറിയല്‍ രേഖയില്ലാത്ത ആരും ഇത്തരം വേദികളില്‍ പ്രവേശിക്കരുതെന്ന ഉത്തരവിറക്കിയത്,’ ഉഷ താക്കൂര്‍ പറയുന്നു.

ഇതൊരു ഉപദേശവും മുന്നറിയിപ്പുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സെപ്റ്റംബര്‍ 26ന് ആരംഭിച്ച് ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തില്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തമാണ് ഗര്‍ബ. ഗര്‍ബ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ യുവാക്കളുള്‍പ്പെടെ സംസ്ഥാനത്തുടനീളം വന്‍ ജനക്കൂട്ടമുണ്ടാകാറുണ്ട്.

വര്‍ഷങ്ങളായി, നവരാത്രിയുടെ മുന്നോടിയായും ഉത്സവത്തനിടയിലും പതിവായി ചര്‍ച്ചയാകാറുള്ള വിഷയമാണ് ‘ലവ് ജിഹാദ്’. കഴിഞ്ഞ വര്‍ഷം ഇന്‍ഡോറില്‍ നടന്ന കോളേജ് ഗര്‍ബ പരിപാടിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാല് മുസ്‌ലിം യുവാക്കളെ ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്ന തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ ആരോപണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ മന്ത്രിയായ ഉഷ താക്കൂര്‍ 2014 മുതല്‍ തന്നെ ഈ വിഷയത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്സവത്തിനിടെ ലക്ഷക്കണക്കിന് ഹിന്ദു പെണ്‍കുട്ടികളെയാണ് മുസ്‌ലിം മതത്തിലേക്ക് മാറ്റിയതെന്ന് അവര്‍ ആരോപിച്ചിരുന്നു.

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ എപ്പോഴുമുള്ള തുറുപ്പുചീട്ടാണ് ലവ് ജിഹാദ്. മധ്യപ്രദേശ് മതസ്വാതന്ത്ര്യ ബില്‍ 2021 കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഇപ്രകാരം ‘വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനാപരമായ മാര്‍ഗത്തിലൂടെയോ ഉള്ള മതപരിവര്‍ത്തനം’ കുറ്റകൃത്യമാണ്.

ഇതിനെയാണ് പിന്നീട് ലവ് ജിഹാദ് എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ നിരവധി മിശ്ര വിവാഹങ്ങള്‍ അസാധുവാക്കപ്പെട്ടിരുന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനുമുള്ള നിയമത്തിന് കീഴില്‍ പുരുഷന്മാര്‍ക്കെതിരെ കേസെടുത്ത സംഭവങ്ങളും മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Garba pandals have become a stage for love jihad says bjp minister

We use cookies to give you the best possible experience. Learn more