ന്യൂദല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചവരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ വിദഗ്ധ സമിതി അറിയിച്ചു. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ തുടരുന്ന രീതി ഇതാണെന്നും ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് ഗുണകരമാണെന്നുമാണ് വിലയിരുത്തല്‍.
കൊവിഡ് മുക്തര്‍ക്ക് ആറ് മാസത്തിനു ശേഷം കുത്തിവെയ്പ് മതിയെന്നും വിദഗ്ധ സമിതി അറിയിച്ചു.
കൊവാക്‌സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റം വന്നിട്ടില്ല. കൊവിഷീല്‍ഡ് വാക്‌സിന് രാജ്യമൊട്ടാകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് സമിതിയുടെ പുതിയ റിപ്പോര്‍ട്ട്.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്.
ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിന് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കാനായിരുന്നു തീരുമാനം. പിന്നീടത് ആറ് മുതല്‍ എട്ട് ആഴ്ചവരെ ദീര്‍ഘിപ്പിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരാണെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക് രംഗത്ത് വന്നിരുന്നു. വാക്സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്സിന്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയാത്ത നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
’12 ലക്ഷം പേരാണ് രണ്ടാമത്തെ ഡോസ് വാക്സിനായി കാത്തുനില്‍ക്കുന്നത്. സംസ്ഥാനം കടുത്ത വാക്സിന്‍ ക്ഷാമമാണ് നേരിടുന്നത്. ഒരു കോടി ഡോസ് വാക്സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.എം.സി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്’, മാലിക് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക