ജെറുസലേം: യുദ്ധാനന്തരം ഗസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബെന്നി ഗാന്റ്സ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്റെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ നാഷണല്‍ യൂണിറ്റി പാര്‍ട്ടിയെ പ്രധാനമന്ത്രിയുടെ വിശാല അടിയന്തിര സഖ്യത്തില്‍ നിന്ന് പിന്‍വലിക്കുമെന്നും ഗാന്റ്സ് പറഞ്ഞു. നിലവില്‍ അടിയന്തിര യുദ്ധ മന്ത്രിസഭയിലെ സഖ്യ കക്ഷിയാണ് ബെന്നി ഗാന്റ്സ് നയിക്കുന്ന നാഷണല്‍ യൂണിറ്റി പാര്‍ട്ടി.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചതിനെ തുടര്‍ന്നാണ് ഗാന്റ്സ് പത്രസമ്മേളനം നടത്തിയത്.
ഗസയിലെ പ്രദേശങ്ങളുടെ യുദ്ധാനന്തര ഭരണത്തിനായുള്ള ഒരു പദ്ധതി ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ജൂണ്‍ എട്ടിനകം അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍, തന്റെ നാഷണല്‍ യൂണിറ്റി പാര്‍ട്ടി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഗാന്റ്‌സ് വ്യക്തമാക്കി.
‘വ്യക്തിപരവും രാഷ്ട്രീയവുമായ പരിഗണനകള്‍ ഇസ്രഈലിന്റെ പ്രതിരോധ വിഭാഗങ്ങളിലേക്ക് പോലും പ്രവേശിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി നെതന്യാഹു, ഇന്ന് ഞാന്‍ നിങ്ങളോട് പറയുന്നു, തെരഞ്ഞെടുപ്പ് നിങ്ങളുടെ കൈകളിലാണ്. ഒരു ദശാബ്ദം മുമ്പുള്ള നെതന്യാഹു ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ഇന്ന് ദേശസ്നേഹമുള്ളതും ശരിയായതുമായ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ?,’ഗാന്റ്സ് വാര്‍ത്താ സമ്മേളനത്തിനിടക്ക് ചോദിച്ചു.
ഗസയില്‍ യുദ്ധാനന്തര പദ്ധതി തയ്യാറാക്കാന്‍ ഇസ്രഈലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെതന്യാഹുവിനെ പ്രേരിപ്പിച്ചതിന് പിന്നാലെയാണ് ഗാന്റ്സിന്റെ പ്രസ്താവന. ആസൂത്രണത്തിന്റെ അഭാവം യുദ്ധത്തിന്റെ നേട്ടങ്ങളെ ഇല്ലാതാക്കുന്നുവെന്നും ഇസ്രഈലിന്റെ ദീര്‍ഘകാല സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ഗാന്റ്‌സ് പറഞ്ഞു.
ഗാന്റ്സിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമൊപ്പം തന്റെ മൂന്നംഗ യുദ്ധ കാബിനറ്റിലൂടെയാണ് നെതന്യാഹു ഗസയിലെ സൈനിക ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
Content Highlight: Gantz demands Netanyahu provide post-war Gaza plan, threatens to quit cabinet