| Wednesday, 7th August 2019, 12:05 pm

'ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ'; ദ്രാവിഡിന് നോട്ടീസയച്ച ബി.സി.സി.ഐ നടപടിയ്‌ക്കെതിരെ ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: വിരുദ്ധ താല്‍പ്പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. വിരുദ്ധ താല്‍പര്യമെന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് വിരുദ്ധ താല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് ബി.സി.സി.ഐ എത്തിക്‌സ് ഓഫീസര്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ ദ്രാവിഡിന് നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിന്മേലായിരുന്നു ബി.സി.സി.ഐ നടപടി.

ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ദ്രാവിഡ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നുവെന്നാണ് സഞ്ജീവ് ഗുപ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഓഗസ്റ്റ് 16ന് മുമ്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണിനും സൗരവ് ഗാംഗുലിയ്ക്കും ബി.സി.സി.ഐ ഇതേ കാരണത്താല്‍ ബി.സി.സി.ഐ നോട്ടീസയച്ചിരുന്നു. ബി.സി.സി.ഐ ഉപദേശകസമിതി അംഗമായിരിക്കെ മുംബൈ ഇന്ത്യന്‍സുമായി സഹകരിച്ചതിന് സച്ചിനും സണ്‍റൈസേഴ്‌സ് ഹൈദരബാദുമായി സഹകരിച്ചതിന് ലക്ഷ്മണിനും ദല്‍ഹി ക്യാപിറ്റല്‍സുമായി സഹകരിച്ചതിന് ഗാംഗുലിയ്ക്കും ബി.സി.സി.ഐ നോട്ടീസ് നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more