ധോണിയുടെ വിജയത്തിനു പിന്നില്‍ ഗാംഗുലിയുടെ ത്യാഗം: സെവാഗ്
Daily News
ധോണിയുടെ വിജയത്തിനു പിന്നില്‍ ഗാംഗുലിയുടെ ത്യാഗം: സെവാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th October 2017, 6:50 pm

 

മുംബൈ: മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ത്യാഗമാണ് മഹേന്ദ്ര സിംഗ് ധോണിയെന്ന കളിക്കാരന്റെ വിജയത്തിനു പിന്നിലെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ധോണി എന്ന മികച്ച ബാറ്റ്‌സ്മാന്‍ ഉണ്ടാകില്ലായിരുന്നുവെന്ന് ഇന്ത്യ ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ സെവാഗ് പറഞ്ഞു.

മൂന്നോ നാലോ മത്സരങ്ങളില്‍ ധോണിയെ ഇത്തരത്തില്‍ ദാദ പെട്ടെന്ന് ക്രീസിലിറക്കിയരുന്നെന്നും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വ്യക്തമാക്കി.


Also Read: ‘ഇതാണെടാ നായകന്‍’; ധോണിയെപ്പോലും അത്ഭുതപ്പെടുത്തി കോഹ്‌ലിയുടെ മാന്ത്രിക ത്രോ; റണ്ണൗട്ട് വീഡിയോ കാണാം


“ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി ഞങ്ങള്‍ അന്ന് പരീക്ഷണം നടത്തുമായിരുന്നു. നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടി. എന്നാല്‍ മോശം തുടക്കമാണ് കിട്ടുന്നതെങ്കില്‍ ധോണിയേയും പത്താനേയും കൂറ്റനടികള്‍ക്ക് ഇറക്കേണ്ടി വരും. അപ്പോഴാണ് ധോണിയെ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തീരുമാനിച്ചത്”.

തങ്ങളുടെ സ്ഥാനം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കുന്ന ചുരുക്കം നായകരേയുള്ളൂവെന്നും ഗാംഗുലി അത്തരം നായകനാണെന്നും വീരു കൂട്ടിച്ചേര്‍ത്തു. അന്ന് ഗാംഗുലി അങ്ങനെ ചെയ്തത് കൊണ്ടാണ് ധോണി ഇന്ന് കാണുന്ന മികച്ച ബാറ്റ്‌സമാനായതെന്നും സെവാഗ് അഭിപ്രായപ്പെട്ടു.


Also Read: ഓട്ടോയില്‍ നിന്ന് ചാടിയിറങ്ങി അനസ്; പാടത്തെ ചളിയില്‍ നിന്ന് ഗോളടിച്ച് സി.കെ വിനീത്; തരംഗമായി ഐ.എസ്.എല്‍ പ്രമോ വീഡിയോ


2011 ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പെട്ടെന്ന് മൂന്ന് വിക്കറ്റ് നഷ്ടമായപ്പോള്‍ ഏഴാമനായി ഇറങ്ങാറുള്ള ധോണി നാലാമതായി ഇറങ്ങി ഇന്ത്യക്ക് വിജയവും കിരീടവും നേടിക്കൊടുത്തിരുന്നു. പുതിയ കളിക്കാര്‍ക്ക് അവസരം കൊടുക്കുന്നതില്‍ സൗരവ് ഗാംഗുലി പ്രത്യേകം താല്‍പ്പര്യം കാണിച്ചിരുന്നതായും സെവാഗ് പറഞ്ഞു.

സെവാഗ്, യുവരാജ്, കൈഫ്, ഹര്‍ഭജന്‍,ധോണി തുടങ്ങിയവര്‍ക്ക് അവസരം നല്‍കുന്നതില്‍ ഗാംഗുലി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകരിലൊരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. വിദേശ മണ്ണില്‍ നിരന്തരം തോറ്റുകൊണ്ടിരുന്ന ടീം വിജയിക്കാന്‍ തുടങ്ങിയത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു.

ധോണിയെ മികച്ച ഫിനിഷറാക്കാന്‍ സഹായിച്ചത് ദ്രാവിഡിന്റെ നായകത്വമാണെന്നും സെവാഗ് പറഞ്ഞു.