| Friday, 14th July 2017, 3:28 pm

'ഞങ്ങളുടെ പണിയെന്താണ് നന്നായി അറിയാം'; ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തെ വിമര്‍ശിച്ച ബി.സി.സി.ഐയ്ക്ക് മറുപടിയുമായി ബിഗ് ത്രീ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകരായ രവി ശാസ്ത്രിയ്‌ക്കൊപ്പം രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും നിയോഗിച്ചതിനെതിരെ ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ഉപദേശക സമിതിയുടെ കത്ത്.

ദ്രാവിഡിന്റേയും സഹീറിന്റേയും നിയമനത്തിലൂടെ ഉപദേശക സമിതി തങ്ങളുടെ പരിതി ലംഘിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ബി.സി.സി.ഐ അഡ്മിനിസ്‌ട്രേഴ്‌സ് കമ്മിറ്റി ചെയര്‍മാനായ വിനോദ് റായിക്ക് മൂവരും കത്തയച്ചത്. “ഇരുവരേയും നിര്‍ദ്ദേശിക്കുന്നതിന് മുമ്പായി ശാസ്ത്രിയുമായും കോഹ് ലിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു.” എന്നാണ് ബിഗ് ത്രി നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.

വിരാടുമായി സംസാരിച്ചതിന് ശേഷമാണ് പരിശീലകരെ നിയോഗിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗരവ്വ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. അനില്‍ കുംബ്ലെ പരിശീലക സ്ഥാനം രാജി വെച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രിയെ പരിശീക സ്ഥാനത്തേക്ക് ഉപദേശക സമിതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ശാസ്ത്രിയുടെ നിയമനത്തില്‍ ഗാംഗുലി തൃപ്തനല്ലെന്നും അതിനാലാണ് ദ്രാവിഡിനേയും സഹീറിനേയും സഹ പരിശീലകരായി നിയമിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Also Read:  ‘ഇതെന്താ മോളേ പന്ത് ബാറ്റു കൊണ്ട് അടിച്ചു വാരുകയാണോ’; ഹെലികോപ്ടര്‍ ഷോട്ടും ദില്‍ സ്‌കൂപ്പിനും പിന്നാലെ തരഗമായി നദാലിയുടെ നാദ്മാഗ് ഷോട്ട്


ഇതിനു പിന്നാലെയാണ് ബിഗ് ത്രീ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്‌തെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നത്. ആരോപണത്തില്‍ അതിയായ വിഷമമുണ്ടെന്നും തങ്ങളുടെ കരിയര്‍ രാജ്യത്തിന്റെ ക്രിക്കറ്റിന് വേണ്ടി മാറ്റി വെച്ചവരാണെന്നും കത്തില്‍ അവര്‍ പറയുന്നത്. തങ്ങളുടെ ജോലിയെന്താണെന്ന് വ്യക്തമായ ധാരണയുണ്ടെന്നും ക്രിക്കറ്റിന് ദോഷമാകുന്ന ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ താരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായാണ് സഹീറിനെ നിയമിച്ചിരിക്കുന്നത്. ഓവര്‍സീസ് മത്സരങ്ങള്‍ക്കുള്ള ബാറ്റിംഗ് കോച്ചായിട്ടാണ് ദ്രാവിഡിനെ നിയമിച്ചത്. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍-20,19 ടീമുകളുടെ പരിശീലകനാണ് ദ്രാവിഡ്.

Latest Stories

We use cookies to give you the best possible experience. Learn more