മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ രോഹിത് ശര്‍മ്മയെ ഓപ്പണറാക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ലോകകപ്പിലെ മികച്ച ഫോം തുടരാന്‍ രോഹിതിന് അവസരമൊരുക്കണമെന്നും ഗാംഗുലി പറഞ്ഞു.
‘ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം രോഹിതിന്റേയും രഹാനെയുടേയും സ്ഥാനമാണ്. ലോകകപ്പിലെ മികച്ച പ്രകടനം തുടരാന്‍ രോഹിതിനെ ഓപ്പണറാക്കണമെന്നും രഹാനെയെ മധ്യനിരയില്‍ കളിപ്പിക്കണമെന്നുമാണ് എന്റെ നിര്‍ദ്ദേശം.’
മുന്‍പ് ഗാംഗുലി നായകനായപ്പോഴാണ് വീരേന്ദ്ര സെവാഗിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അതിനുശേഷം സെവാഗിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സെടുത്ത സെവാഗ് ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണര്‍ എന്നാണ് അറിയപ്പെടുന്നത്.
2013 ലാണ് രോഹിത് ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇതുവരെ സ്ഥാനമുറപ്പിക്കാന്‍ രോഹിതിനായിട്ടില്ല. സ്ഥിരതയില്ലായ്മ തന്നെയാണ് രോഹിതിന്റെ ടീമിലെ സ്ഥാനത്തിന് വെല്ലുവിളി.
27 ടെസ്റ്റില്‍ നിന്ന് 1585 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. മൂന്ന് സെഞ്ച്വറികളും നേടിയിട്ടുണ്ട്. മധ്യനിരയിലാണ് നിലവില്‍ രോഹിത് കളിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ഏകദിനത്തിലും മധ്യനിരയില്‍ കളിച്ചിരുന്ന രോഹിതിനെ 2013 ലെ ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ധോണിയാണ് ഓപ്പണറായി പരീക്ഷിക്കുന്നത്.
WATCH THIS VIDEO: