ലോകക്രിക്കറ്റില്‍ ഏറ്റവും വലിയ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ആരാധകരും താരങ്ങളും മീഡിയയും ഒരുപോലെ ആഘോഷമാക്കുന്ന മറ്റൊരു മത്സരമുണ്ടാകില്ല.
വാശിയേറിയ പോര്‍വിളികളും പോരാട്ടങ്ങളും തന്നെ ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണാന്‍ സാധിക്കും. ഈ മത്സരം ഒരു മത്സരമെന്നതിനപ്പുറത്തേക്ക് വികാരമായി കാണുന്നവരും കുറവല്ല.
2021 ട്വന്റി-20 ലോകകപ്പിന് ശേഷം ഈ മാസം നടക്കുന്ന ഏഷ്യാ കപ്പ് ട്വന്റി-20യില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അരങ്ങേറും. പാകിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഹൈപ്പ് കൊടുക്കേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ അഭിപ്രായം.
ഈ മത്സരം മറ്റെല്ലാ മത്സരങ്ങള്‍ പോലെ മാത്രമാണെന്നും അത്രയും ഹൈപ്പ് കൊടുക്കേണ്ടതില്ലെന്നും ഗാംഗുലി പറഞ്ഞു. തന്റെ കാലത്തും ഇന്ത്യ-പാകിസ്ഥാന്‍ എന്ന ഒറ്റ മത്സരം വിജയിക്കാനല്ല ശ്രമിക്കുക ആ ടൂര്‍ണമെന്റാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് എനിക്ക് ഏഷ്യാ കപ്പ് 2022 ആണ്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമല്ല. ഞാന്‍ കളിക്കുന്ന കാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങള്‍ എനിക്ക് മറ്റൊരു മത്സരം മാത്രമായിരുന്നു. ഒരു കളി മാത്രമല്ല ടൂര്‍ണമെന്റ് ജയിക്കാനാണ് ഞാന്‍ എപ്പോഴും നോക്കിയിരുന്നത്,’ ഗാംഗുലി ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെന്നും ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും മുന്‍ നായകന്‍ പറഞ്ഞു.
‘ഇന്ത്യ ഒരു മികച്ച ടീമാണ്, സമീപകാല മത്സരങ്ങളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, 2022 ലെ ഏഷ്യാ കപ്പില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അരങ്ങേറുക.