| Friday, 5th May 2023, 6:17 pm

'നട്ടെല്ല് എന്ന് പറഞ്ഞ ഒരു സാധനമുണ്ട്, അത് ഉപയോഗിക്കാന്‍ പഠിക്ക്'; ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളെ കുറിച്ചുള്ള ഗാംഗുലിയുടെ മറുപടിയില്‍ കലിപ്പായി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ലൈംഗികാരോപണമുയര്‍ത്തി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ് ഗുസ്തി താരങ്ങള്‍. ബി.ജെ.പി എം.പി കൂടിയായ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടാണ് ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും അടക്കമുള്ള ഗുസ്തി താരങ്ങള്‍ ദിവസങ്ങളായി പ്രതിഷേധമുയര്‍ത്തുന്നത്.

മൈനറായ പെണ്‍കുട്ടികളുള്‍പ്പെടെ ഏഴ് വനിതാ താരങ്ങള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നതാണ് ബ്രിജ് ഭൂഷണെതിരെയുള്ള ആരോപണം.

സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, ഇര്‍ഫാന്‍ പത്താന്‍, വിരേന്ദര്‍ സേവാഗ് എന്നിവരും ഗുസ്തി താരങ്ങള്‍ക്കൊപ്പം നിന്നിരുന്നു.

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ നിലപാടായിരുന്നു മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ ഭാരവാഹിയുമായിരുന്ന സൗരവ് ഗാംഗുലിക്ക്. വിഷയത്തെ കുറിച്ച് തനിക്ക് കാര്യമായ ധാരണയില്ലെന്നും അതുകൊണ്ടുതന്നെ പ്രതികരിക്കാനില്ലെന്നുമാണ് താരം പറഞ്ഞത്.

‘അവര്‍ അവരുടെ പ്രതിഷേധം നടത്തട്ടെ. അവിടെ എന്താണ് സംഭവിക്കുന്നതെന്നൊന്നും എനിക്കറിയില്ല. ഞാന് അതിനെ കുറിച്ച് പത്രത്തില്‍ വായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

കായിക ലോകത്ത്, നിങ്ങള്‍ക്ക് പൂര്‍ണമായും അറിയാത്ത ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കുകയാണ് നല്ലതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

അത് പരിഹരിക്കപ്പെടട്ടെ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഗുസ്തി താരങ്ങള്‍ ഇന്ത്യക്കായി ഒരുപാട് മെഡലുകള്‍ നേടുകയും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. അത് പരിഹരിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ,’ ഗാംഗുലി പറഞ്ഞു.

ഈ പ്രതികരണത്തിന് പിന്നാലെ സോഷ്യല്‍ മീഡയിയില്‍ ഗാംഗുലിക്കെതിരെ പ്രതിഷേധമുയരുകയാണ്. ഗാംഗുലി വെറും ഭീരുവാണെന്നും വിഷയത്തില്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്നും ആരാധകര്‍ പറയുന്നു.

Content highlight: Ganguly’s remarks against wrestlers’ protests have taken social media by storm

We use cookies to give you the best possible experience. Learn more