| Thursday, 16th June 2022, 3:49 pm

അപ്പോള്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി ല്ലേ; ടി-20 ലോകകപ്പില്‍ ദ്രാവിഡിന്റെ പ്ലാനുകളെ കുറിച്ച് വെളിപ്പെടുത്തലുമായി ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ യുവതാരങ്ങളെ കാര്യമായി പരിഗണിക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കി ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി.

വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വ്യക്തമായ പ്ലാനിംഗ് ഉണ്ടെന്നും സെറ്റില്‍ഡ് ആയ താരങ്ങളെ മാത്രമായിരിക്കും ഇതിനായി പരിഗണിക്കാനൊരുങ്ങുന്നതെന്നുമാണ് ഗാംഗുലി പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലി ടീമിന്റെയും കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും പ്ലാനുകളെ കുറിച്ചും സ്ട്രാറ്റജിയെ കുറിച്ചുമുള്ള സൂചനകള്‍ നല്‍കിയത്.

‘സെറ്റിലായ ഒരു പറ്റം താരങ്ങളെ ഉപയോഗിച്ച് കളിക്കാനാണ് ദ്രാവിഡ് പദ്ധതിയിടുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം മുതല്‍ വേള്‍ഡ് കപ്പ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങളെ ഉപയോഗിച്ചായിരിക്കും ഇനിയുള്ള എല്ലാ മത്സരങ്ങളും കളിക്കുന്നത്,’ ഗാംഗുലി പറഞ്ഞു.

എന്നാല്‍ ഈ പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാകാന്‍ സാധ്യതയുണ്ടെന്നാണ് നോക്കേണ്ടത്. ദ്രാവിഡിന്റെ പദ്ധതി പ്രകാരമാണെങ്കില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കളിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും അയര്‍ലാന്‍ഡ് പര്യടനത്തിന് പ്രഖ്യാപിച്ച താരങ്ങളില്‍ നിന്നും 70 ശതമാനത്തിലധികം പേരും പുറത്താവും.

ഐ.പി.എല്ലിലെ പ്രകടനം കണക്കിലെടുത്താല്‍ ഇന്ത്യന്‍ പടയിലെ വമ്പന്‍ പേരുകാരുടെ കാര്യവും ചോദ്യചിഹ്നം തന്നെയാണ്. എന്തുതന്നെ വന്നാലും രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്‍ പേരുകാരെ പുറത്തിരുത്താന്‍ സാധ്യതയില്ല.

ദ്രാവിഡിന്റെ പദ്ധതിപ്രകാരമാണെങ്കില്‍ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് അടക്കമുള്ള പേസര്‍മാര്‍ക്കും 400+ റണ്‍സ് നേടിയവരില്‍ 150+ സ്‌ട്രൈക്ക് റേറ്റുള്ള രാഹുല്‍ ത്രിപാഠിയുമടക്കമുള്ള താരങ്ങളും മിക്കവാറും പുറത്തിരിക്കേണ്ടി വരും.

ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവും നെഗറ്റീവും ഇന്ത്യയുടെ താരസമ്പന്നത തന്നെയാണ്. ആവശ്യത്തിലധികം താരങ്ങള്‍ ഓരോ പൊസിഷനിലും കളിക്കാനുണ്ടെന്നിരിക്കെ ആരെ തെരഞ്ഞെടുക്കണം എന്നതില്‍ വലിയ കണ്‍ഫ്യൂഷന്‍ (കളിയുടെയും സ്റ്റാറ്റ്‌സിന്റെയും അടിസ്ഥാനത്തില്‍) തന്നെയാവും സെലക്ടര്‍മാര്‍ക്ക് നേരിടേണ്ടി വരിക എന്നുറപ്പാണ്.

Content Highlight:  Ganguly confirms Dravid’s plans ahead of ICC T20 World Cup

We use cookies to give you the best possible experience. Learn more