| Wednesday, 17th December 2014, 2:40 pm

ഐ.പി.എല്‍: വാണിജ്യ താല്‍പര്യമുള്ളവരുടെ പട്ടികയില്‍ ഗാംഗുലിയും രവി ശാസ്ത്രിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  വാണിജ്യ താല്‍പര്യമുള്ളവരുടെ പട്ടിക ബി.സി.സി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി, രവി ശാസ്ത്രി എന്നിവരുള്‍പ്പെടെയുള്ളവരുടെ പേരുവിവാരങ്ങളാണ് പട്ടികയില്‍ അടങ്ങിയിട്ടുള്ളത്. കൃഷ്ണമചാരി ശ്രീകാന്ത്, ലാല്‍ചന്ദ് രജ്പുത്, വെങ്കിട്ഷ് പ്രസാദ് എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഭിന്ന താല്‍പര്യമുള്ളവരെ സംരക്ഷിക്കാന്‍ ബി.സി.സി.ഐ ചട്ടബേധഗതി നടത്തിയെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഐ.പി.എല്ലിലെ വാണിജ്യ താല്‍പര്യമുള്ളവരുടെ പട്ടിക സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.

ഭിന്നതാല്‍പര്യങ്ങള്‍ കളിയുടെ പരിശുദ്ധിയെ നശിപ്പിക്കുമെന്നും ബി.സി.സി.ഐ അധികൃതര്‍ ടീമുകളുടെ ഉടമസ്ഥരാവാന്‍ പാടില്ലെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് അല്ലെത വേറെ ഏതെങ്കിലും ടീമുകളെ ബി.സി.സി.ഐ അധികൃതര്‍ നിയന്ത്രിക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

സുപ്രീം കോടതി ഇതിനുമുമ്പും ബി.സി.സി.ഐക്കെതിരെയും ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനെതിരെയും രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയിരുന്നത്.
ഐ.പി.എല്‍ വാതുവെപ്പില്‍ മുദ്ഗല്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമ ആരാണെന്ന് വ്യക്തമാക്കണമെന്നും ബി.സി.സി.ഐ അധ്യക്ഷന്‍ തന്നെയാണ് ഐ.പി.എല്ലിലെ ഒരു ടീമിനെ നിയന്ത്രിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബി.സി.സി.ഐ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഐ.പി.എല്ലില്‍ നിന്ന് മാറി നില്‍ക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനെതിരെ ഉടന്‍ നടപടി വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മെയ്യപ്പനെതിരെ നടപടിയെടുക്കുന്നതിന് ഒരു പ്രത്യേക സമിതി ഉണ്ടാക്കണമെന്നും എന്നാല്‍ ഈ സമിതിയില്‍ എന്‍ ശ്രീനിവാസന്‍ ഉണ്ടാകാന്‍ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ശ്രീനിവാസന്‍ മാറി നിന്നാല്‍ മാത്രമേ നീതിയുക്തമായ അന്വേഷണം ഉണ്ടാവുകയുള്ളുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹം മാറിനില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more