Film News
കാമാത്തിപുരം ഭരിക്കുന്ന മാഫിയ ക്വീന്‍; 'ഗംഗുഭായി കത്തിയവാഡി'യുടെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 04, 07:25 am
Friday, 4th February 2022, 12:55 pm

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് നായികയാവുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’യുടെ ട്രെയ്‌ലര്‍ പുറത്ത്. മുംബൈയിലെ കാമാത്തിപുരം ഭരിക്കുന്ന മാഫിയ ക്വീനിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആലിയയുടെ വണ്‍ മാന്‍ ഷോ ആണ്.

ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

അജയ് ദേവ്ഗണും ഇമ്രാന്‍ ഹാഷ്മിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ ആലിയ ഇത്ര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യയാണോ എന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വാ മൂടുന്ന പ്രകടനമാണ് ആലിയ പുറത്തെടുത്തിരിക്കുന്നത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിഷ്വല്‍ ട്രീറ്റ് തന്നെ സിനിമയിലുണ്ടാകുമെന്ന് ട്രയ്‌ലറിലെ മനോഹരമായ രംഗങ്ങളും ഷോട്ടുകളും വ്യക്തമാക്കുന്നു.

സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.


Content Highlight: gangubhai kathaivadi trailer out