മുംബൈ: മാധ്യമപ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അധോലോക നേതാവ് ഛോട്ടാരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. കേസില്‍ പിടിയിലായ മലയാളി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് മുംബൈ പ്രത്യേക കോടതി ഉത്തരവിറക്കിയത്.
മലയാളി കൂടിയായ സതീഷ് വോറയും കേസില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം കേസില്‍ നേരത്തേ ആരോപണ വിധേയയായിരുന്ന മാധ്യമപ്രവര്‍ത്തക ജിഗ്ന വോറയെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു.
മുംബൈ അധോലോകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ജ്യോതിര്‍മയി ഡേ. ഇതിന്റെ പേരിലാണ് ജെ ഡേയെ കൊല്ലാന്‍ ഛോട്ടാരാജന്‍ പദ്ധതിയിട്ടത്.
ALSO READ:
2011 ജൂണ്‍ പതിനൊന്നിനാണ് മിഡ് ഡേ സായാഹ്ന പത്രത്തിന്റെ ലേഖകന്‍ കൂടിയായ ജെ ഡേ കൊല്ലപ്പെടുന്നത്. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും അന്വേഷണം വ്യാപകമാക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഏഷ്യന്‍ ഏജ് പത്രത്തിന്റെ ഡെപ്യൂട്ടി ബ്യൂറോ ചീഫ് ജിഗ്ന വോറ അറസ്റ്റിലാവുകയും കേസില്‍ മറ്റുള്ളവരുടെ പങ്ക് കൂടുതല്‍ വ്യക്തമാകുകയും ചെയ്തു.
2015 ജൂണില്‍ മക്കോക്ക കോടതി വോറ ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നതും കേസില്‍ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.