| Saturday, 7th December 2024, 8:40 am

മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; വിവരം പുറത്തറിഞ്ഞെന്ന് കരുതി കുട്ടി ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി  കൂട്ടബലാത്സംഗത്തിനിരയായി.  പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ 15 വയസ്സുകാരി ആത്മഹത്യ ചെയ്തു.

പ്രതികളുടെ ബന്ധുക്കൾ സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കവേ വിഷയം പുറത്തറിഞ്ഞെന്ന് ഭയന്ന പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് രണ്ട് പേർക്കെതിരെ കേസെടുത്തതായി ഇൻസ്പെക്ടർ സുധീർ വെങ്കി പറഞ്ഞു.

‘കേസ് പരസ്പരം ഒത്തുതീർപ്പാക്കാൻ പ്രതികളുടെ വീട്ടിലേക്ക് പെൺകുട്ടിയുടെ പിതാവ് സഹോദരനെ അയച്ചതിന് ശേഷം വ്യാഴാഴ്ച രാത്രി പെൺകുട്ടി അവളുടെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തെക്കുറിച്ച് ആളുകൾ അറിഞ്ഞാൽ പെൺകുട്ടിയുടെ അഭിമാനത്തിന് കോട്ടം വരുമെന്ന് കുട്ടിയുടെ കുടുംബം ഭയപ്പെട്ടു, ‘വെങ്കി പറഞ്ഞു.

പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി പ്രതികൾ ദൃശ്യങ്ങൾ എടുത്തിരുന്നതായി കുട്ടിയുടെ പിതാവ് വിശ്വസിച്ചിരുന്നെന്നും അതിനാലാണ് പരാതി നൽകാൻ ഭയന്നതെന്നും പൊലീസ് പറഞ്ഞു.

‘പെൺകുട്ടിയുടെ വീട്ടിൽ ഒരു സന്ദർശക എത്തുകയും അവളുടെ പിതാവ് അവളുടെ സഹോദരനെ രണ്ട് പ്രതികളുടെയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. തുടർന്ന് സംഭവം പരസ്യമായതായി കരുതിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. പിന്നീട് അമ്മയോട് സംഭവം പറഞ്ഞു. അവളുടെ അമ്മ വ്യാഴാഴ്ച അച്ഛനോട് പറഞ്ഞു,’ പൊലീസ് കൂട്ടിച്ചേർത്തു.

രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ശ്രുത് കീർത്തി സോംവൻഷി പറഞ്ഞു.

Content Highlight: Gangraped by 2 minors, MP girl ends life believing incident had become public

We use cookies to give you the best possible experience. Learn more