| Friday, 2nd October 2020, 12:20 pm

രാഹുലിനെയല്ല, ജനാധിപത്യത്തെയാണ് അവര്‍ ആക്രമിച്ചത്: ബി.ജെ.പിക്കെതിരെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ യു.പി പൊലീസ് നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

രാഹുലിനെതിരായ പൊലീസ് നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യത്തിന് നേരെ നടന്ന ആക്രമണമാണ് ഇതെന്നും റാവത്ത് പറഞ്ഞു.

‘രാഹുല്‍ ഗാന്ധി ഒരു ദേശീയ രാഷ്ട്രീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തിനെതിരായ യു.പി പൊലീസിന്റെ നടപടിയെ ഒരു തരത്തിലും പിന്തുണയ്ക്കാനാവില്ല. ആര്‍ക്കും പിന്തുണയ്ക്കാനാവില്ല.

അദ്ദേഹത്തിന്റെ കോളര്‍ പിടിച്ച് പൊലീസ് നിലത്തേക്ക് തള്ളിയിട്ടു, ഇത് ഒരു തരത്തില്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് നേരെ നടന്ന കൂട്ടബലാത്സംഗമാണ്’, സഞ്ജയ് റാവത്ത് പറഞ്ഞു.

ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോകവേയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും യു.പി പൊലീസ് യമുന എക്‌സ്പ്രസ് ഹൈവേയില്‍ വെച്ച് തടഞ്ഞത്.

ഇതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി. ഇതോടെയായിരുന്നു യു.പി പൊലീസ് എത്തി രാഹുലിനെ തടഞ്ഞത്. ഇതിനിടെ പൊലീസുമായി വാക്കേറ്റമുണ്ടാകുകയും പൊലീസ് രാഹുലിനും പ്രവര്‍ത്തകര്‍ക്കും നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു. പൊലീസ് രാഹുലിന്റെ കോളറില്‍ പിടിക്കുകയും അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിടുകയും ചെയ്തിരുന്നു.

എന്താണ് തനിക്കെതിരായ കുറ്റമെന്ന് പൊലീസ് പറയണമെന്നും ഇന്ത്യാ രാജ്യത്ത് കൂടി നടക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ അവകാശമുള്ളൂ എന്നാണോ എന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസെടുക്കുയും ചെയ്തിരുന്നു.

മഹാത്മാ ഗാന്ധിയുടെ ”ഭൂമിയിലുള്ള ആരെയും താന്‍ ഭയപ്പെടുകയില്ലെന്നും ആരുടേയും അനീതിക്ക് താന്‍ വഴങ്ങുകയില്ലെന്നുമായിരുന്നു ഇന്ന് രാഹുല്‍ പ്രതികരിച്ചത്. ‘ ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും,’ എന്ന വാക്കുകളാണ് രാഹുല്‍ ഗാന്ധി ജയന്തി ദിനത്തില്‍ ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരണപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gangrape of democracy: Sanjay Raut on Rahul Gandhi scuffle

We use cookies to give you the best possible experience. Learn more