| Thursday, 10th November 2022, 11:12 pm

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആന്‍ഡമാന്‍ നികോബാര്‍ മുന്‍ ചീഫ് സെക്രട്ടറി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഔദ്യോഗിക വസതിയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപിലെ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേനെ അറസ്റ്റ് ചെയ്തു.

കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര നരേനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് രൂപീകരിച്ച് പ്രത്യേക അന്വേഷണ സംഘം ജിതേന്ദ്ര നരേനെ ചോദ്യം ചെയ്യും.

മുംബൈയിലെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ, മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കീഴ്‌ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേന്‍, ലേബര്‍ കമ്മീഷണര്‍ ആര്‍.എല്‍. റിഷി എന്നിവര്‍ സര്‍ക്കാര്‍ ലൈംഗികമായി വഴങ്ങിയാല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി.

സംഭവത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും എതിരെ കൂട്ടബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കുകയും തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് ജിതേന്ദ്ര നരേനെ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ട് തവണ തന്നെ ഔദ്യോഗിക വസതിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് 21കാരിയുടെ പരാതി. ഒരു ഹോട്ടലുടമ വഴിയാണ് ലേബര്‍ കമ്മീഷണറെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെടുന്നതെന്നാണ് പരാതിയിലുള്ളത്.

ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയെങ്കിലും യുവതി നിരസിച്ചു. പിന്നീട് ഇരുവരും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് രണ്ട് പ്രതികളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ടാഴ്ചക്ക് ശേഷം രാത്രി ഒമ്പതോടെ വീണ്ടും ചീഫ് സെക്രട്ടറിയുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ 21കാരിയുടെയും പ്രതികളായ രണ്ട് ഉദ്യോഗസ്ഥരുടെയും കോള്‍ ഡാറ്റ റെക്കോര്‍ഡുകള്‍ ആരോപണം ശരിവെക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിരുന്നു. കേസില്‍ ഒക്ടോബര്‍ 29ന് ജിതേന്ദ്ര നരേനെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ചീഫ് സെക്രട്ടറിയുടെ വസതിയിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് ആദ്യം ഡിലീറ്റ് ചെയ്യുകയും പിന്നീട് ഇവിടെനിന്ന് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് 20ല്‍ അധികം സ്ത്രീകളെ പോര്‍ട്ട് ബ്ലയറിലുള്ള ജിതേന്ദ്ര നരേന്റെ വീട്ടില്‍ വെച്ച് ലൈഗികമായി ചൂഷണം ചെയ്തതായും, നരേന്റെ ഒരു വര്‍ഷത്തെ ഭരണ കാലയളവില്‍ നിരവധി പേര്‍ക്ക് ഇത്തരത്തില്‍ ജോലി ലഭിച്ചതായും പ്രത്യേക അന്വേഷണ ഏജന്‍സി കണ്ടെത്തിയതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content highlight: Ex-Andaman & Nicobar chief secretary Jitendra Narain arrested in Gangrape case

We use cookies to give you the best possible experience. Learn more