ന്യൂദല്‍ഹി: ഹരിദ്വാറിനും ഉന്നാവോയ്ക്കും ഇടയില്‍ ഒഴുകുന്ന ഗംഗാജലം കുടിയ്കാനോ കുളിക്കാനോ യോഗ്യമല്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഗംഗാ നദിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ട്രിബ്യൂണല്‍ ആശങ്കയും പ്രകടിപ്പിച്ചു.
“”വിശ്വാസത്തിന്റേയും ബഹുമാനത്തിന്റേയും ഭാഗമായി സാധാരണക്കാര്‍ ഗംഗാജലം കുടിക്കുകയും നദിയില്‍ കുളിക്കുകയുമാണ്. ഇത് അവരുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് അവരറിയുന്നില്ല. സിഗരറ്റ് പാക്കറ്റില്‍ ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് നല്‍കാമെങ്കില്‍, എന്തുകൊണ്ട് ഗംഗാനദി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കികൂട?”” ഹരിത ട്രിബ്യൂണല്‍ ചോദിച്ചു.
ALSO READ: സഞ്ജു സിനിമക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഗുണ്ടാ നേതാവ് അബു സലീം
നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയോട് 100 കിലോമീറ്റര്‍ ഇടവിട്ട് വെള്ളം കുടിക്കാനും കുളിക്കാനും യോഗ്യമാണോ എന്ന് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എന്‍.എം.സി.ജിയോടും, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും അവരുടെ വെബ്‌സൈറ്റുകളില്‍ രണ്ടാഴ്ചക്കകം ഗംഗയില്‍ എവിടെയെല്ലാം വെള്ളം ഉപയോഗ യോഗ്യമാണെന്ന് കാണിക്കുന്ന മാപ്പ് പ്രദര്‍ശിപ്പിക്കാനും ഹരിത ട്രിബ്യൂണല്‍ ചെയര്‍ പേര്‍സണ്‍ എ.കെ ഗോയല്‍ നിര്‍ദ്ദേശിച്ചു.