ന്യൂദല്‍ഹി: ഗംഗയില്‍ മുങ്ങിയാല്‍ സര്‍വപാപത്തില്‍ നിന്നും മുക്തി നേടി ജീവിതം ധന്യമാകുമെന്നാണ് ഹൈന്ദവര്‍ക്കിടയിലെ വിശ്വാസം. എന്നാല്‍ ഹരിദ്വാറിലെ ഗംഗയില്‍ മുങ്ങിയാല്‍ മുങ്ങുന്നവരെ പിടികൂടുന്നത് മാരക രോഗങ്ങളായിരിക്കും.
സംഗതി മറ്റൊന്നുമല്ല ഹരിദ്വാറിലെ ഗംഗാനദിയിലെ ജലം കുളിക്കാന്‍ യോഗ്യമല്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിവരവകാശ ചോദ്യത്തിനുള്ള മറുപടിയായി പറയുന്നത്.
ഹരിദ്വാര്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയിലെ ഒരിടവും കുളിക്കാന്‍ യോഗ്യമല്ല. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡില്‍ ഗംഗോത്രി മുതല്‍ ഹരിദ്വാര്‍ വരെയുള്ള 296 കിലോ മീറ്റര്‍ ദൂരമുള്ള നദിയിലെ 11 ഇടങ്ങളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് ബോര്‍ഡ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
296 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ജലത്തിന്റെ നാല് സൂചകങ്ങളാണ് ഗുണനിലവാരം നിര്‍ണയിക്കുന്നതിനായി പരിഗണിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍എം ഭരദ്വാജ് പറഞ്ഞു.
ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും എവിടെ നിന്നാണ് ജലം ശേഖരിച്ചത് എന്ന് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് വിവരാവകാശ പ്രകാരം നല്‍കിയത്.
ഹരിദ്വാറില്‍ നിന്നും എടുത്ത സാമ്പിളില്‍ കോളിഫോമിന്റെയും മറ്റ് വിഷപദാര്‍ത്ഥങ്ങളുടെയും അളവ് അനുവദനീയമായതില്‍ നിന്നും വളരെ കൂടുതലാണ് എന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി ഭരദ്വാജ് പറഞ്ഞു.
കോളിഫോമിന്റെ അളവ് പ്രതി 100 മില്ലി ലിറ്റര്‍ ജലത്തില്‍ 1,60090 എം.എ.പി.എന്‍ വരെയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് 500 എം.പിഎന്നില്‍ കുറവാണെങ്കില്‍ മാത്രമാണ് അത് ദേഹശുദ്ധിക്കായി ഉപയോഗിക്കാന്‍ സാധിക്കുക.
ഹരിദ്വാറിലുള്ള 20 ഗാട്ടുകളില്‍ (സ്നാനകേന്ദ്രങ്ങള്‍) ഒരു ദിവസം 50,000 മുതല്‍ ഒരു ലക്ഷം പേര്‍ വരെ മുങ്ങിക്കുളിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.