സ്വകാര്യ ടെന്നിസ് ക്ലബിന് 4 കോടി നല്‍കുന്നത് ആരെ സന്തോഷിപ്പിക്കാന്‍: ഗണേഷ്‌കുമാര്‍ ചോദിക്കുന്നു
Daily News
സ്വകാര്യ ടെന്നിസ് ക്ലബിന് 4 കോടി നല്‍കുന്നത് ആരെ സന്തോഷിപ്പിക്കാന്‍: ഗണേഷ്‌കുമാര്‍ ചോദിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th February 2015, 12:09 pm

ganeshതിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ടെന്നിസ് ക്ലബ്ബിന് നാലു കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആരെ സന്തോഷിപ്പിക്കാനെന്നു വ്യക്തമാക്കണമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് ബി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനുവേണ്ടിയാണ് ഇത്രയും വലിയ തുക പാവപ്പെട്ടവന് ഒരു ഉപകാരവുമില്ലാത്ത സ്ഥാപനത്തിനുവേണ്ടി ചിലവഴിക്കുന്നതെന്നും ഗണേഷ്‌കുമാര്‍ ചോദിക്കുന്നു. ടെന്നിസ് ക്ലബ്ബില്‍ പ്രവേശനം അംഗങ്ങള്‍ക്കുമാത്രമാണെന്ന് എഴുതി വെച്ചിട്ടുണ്ട്. സാധാരണക്കാരുടെ മക്കള്‍ക്ക് ടെന്നിസ് പഠിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ അവിടെ പ്രവേശനം ലഭിക്കില്ല. അങ്ങനെയുള്ള സ്ഥാപനത്തിനുവേണ്ടി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഗണേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

ഈ ടെന്നിസ് ക്ലബ്ബില്‍ അംഗത്വം ലഭിച്ച വമ്പന്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സര്‍ക്കാര്‍ തലത്തിലുള്ള അഴിമതിക്കഥകള്‍ വിളിച്ചു പറഞ്ഞതിനാണ് എന്നെ പുറത്താക്കിയത്. ഇപ്പോള്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെയും പുറത്താക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെ, സ്ഥാനമാനങ്ങളേക്കാള്‍ വലുതാണ് സത്യം.” ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

അതേസമയം, ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളെയും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകകൃഷ്ണപ്പിള്ള ആവശ്യപ്പെട്ടു. ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകള്‍ ലാലിസത്തിന്റെ മറവില്‍ മോഹന്‍ലാലിനു മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാലിസവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന ക്രമക്കേടുകള്‍ മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നടന്ന ക്രമക്കേടുകള്‍ക്ക് മോഹന്‍ലാല്‍ ബലിയാടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.