മുഖ്യമന്ത്രി സമ്മതിച്ചാൽ ഇനിയും അഭിനയിക്കുമെന്ന് നിയുക്ത മന്ത്രി ഗണേഷ് കുമാർ
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ നേര് മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നടനും എം.എൽ. എയും നിയുക്ത മന്ത്രിയുമായ ഗണേഷ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നേരിൽ പൊലീസ് ഓഫീസറായിട്ടാണ് ഗണേഷ് എത്തിയിട്ടുള്ളത്.
മന്ത്രിയായി തീരുമാനിച്ചതിന് ശേഷം അഭിനയം തുടരുമോയെന്ന ചോദ്യത്തിന് നല്ല വേഷം വന്നാൽ മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് ചെയ്യുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. നിയുക്ത മന്ത്രിയാകുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രി സ്ഥാനം രാജിവച്ചതിന് പകരം ഇനി കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ കെ.ബി. ഗണേഷ് കുമാറും കോണ്‍ഗ്രസ് എസിന്റെ ഏക എം.എല്‍.എ കടന്നപ്പള്ളി രാമചന്ദ്രനുമായിരിക്കും യഥാക്രമം മന്ത്രി സഭയിലെത്തുക.
‘ഒത്തിരി സന്തോഷം ഉണ്ട്. നല്ല വേഷം വന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ചിട്ട് അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ മാത്രം ചെയ്യും. അന്നും ഞാൻ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിച്ചാൽ മാത്രമേ മന്ത്രിക്ക് അഭിനയിക്കാൻ പറ്റുകയുള്ളൂ. മന്ത്രിക്ക് അഭിനയിക്കാൻ പോകണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുവാദം വേണം. അത് നോക്കട്ടെ.
ട്രാൻസ്പോർട്ട് മന്ത്രി ആണെങ്കിൽ ഒരു യാത്ര പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായിരിക്കും. ഒരിടത്തിരുന്ന് വെറുതെ കലാപരിപാടികൾക്ക് നടക്കുക, കടയുടെ ഉദ്ഘാടനത്തിന് പോകുക അതൊന്നും ഉണ്ടാകില്ല. അതിൽ നിന്നെല്ലാം എന്നെ ഒഴിവാക്കണം,’ ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം ഗണേഷ് കുമാറിന് പുറമെ അനശ്വര, പ്രിയാ മണി, ശാന്തി മായാദേവി, ജഗദീഷ്, ശ്രീധന്യ, തുടങ്ങിയവരും നേരിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. നേരിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Ganeshkumar about his acting career after nominated as a minister