കുവൈത്ത് സിറ്റി: ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഗണേഷ വിഗ്രഹം പ്രതിഷ്ഠിച്ച നടപടി വിവാദമാകുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് കുവൈത്ത് സ്വദേശി കേരളത്തില്‍ നിന്നും കൊണ്ടു വന്ന ഈ കൂറ്റന്‍ വിഗ്രഹമാണ് എംബസ്സിയില്‍ പ്രതിഷ്ഠിച്ചത്. നേരത്തെ വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള പദ്ധതി പുറത്തറിഞ്ഞതോടെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എംബസിയുമായി ബന്ധമുള്ള ഉന്നത വൃത്തങ്ങളില്‍ നിന്നു തന്നെയാണ് ഇന്ന് ഗണേശ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ കര്‍മ്മം നടത്താനുള്ള അധികൃതരുടെ പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ എംബസി അധികൃതര്‍ തയ്യാറായിരുന്നില്ല.
അതേസമയം വാര്‍ത്ത പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും നിരവധി ഇന്ത്യന്‍ പ്രവാസികള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഗണേഷ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിന് ചില ആളുകള്‍ക്ക് ഔദ്യോഗിക ക്ഷണനമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിവാദങ്ങള്‍ക്കിടയാക്കുമെന്നതിനാലാവണം പ്രതിഷ്ഠാചടങ്ങ് രഹസ്യമാക്കിവെക്കാനുള്ള ശ്രമവും എംബസി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായി.