സുരേഷേട്ടാ... സുരേഷേട്ടാ എന്നുവിളിച്ച് പിന്നാലെ പോയാല്‍ കിട്ടുന്നത് വേടിച്ചോണം; മാധ്യമങ്ങളോട് ഗണേഷ് കുമാര്‍
Kerala News
സുരേഷേട്ടാ... സുരേഷേട്ടാ എന്നുവിളിച്ച് പിന്നാലെ പോയാല്‍ കിട്ടുന്നത് വേടിച്ചോണം; മാധ്യമങ്ങളോട് ഗണേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 5:31 pm

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കുറിച്ച് തനിക്ക് ഒന്നും തന്നെ പറയാനില്ലെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. സുരേഷ് ഗോപിയുടെ കാര്യം അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ കാര്യത്തില്‍ താനൊരു അഭിപ്രായം പറഞ്ഞുവെന്നും അതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ അഭിനയിച്ചിരുന്ന സമയം മുതല്‍ അദ്ദേഹത്തെ അറിയാമെന്നും നല്ലൊരു സുഹൃത്താണെന്നും ഇപ്പോഴും വിരോധമൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാനില്ല. സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രി കൂടിയാണ്. ഓരോരുത്തരും പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണ്. ശരിയും തെറ്റും ഏതാണെന്ന് മാധ്യമങ്ങള്‍ തീരുമാനിക്കണമെന്നും മന്ത്രി പറഞ്ഞു.

വഖഫുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ച 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനെ റൂമില്‍ വിളിച്ചുവരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

സുരേഷേട്ടാ.. സുരേഷേട്ടാ എന്ന് വിളിച്ച് വീണ്ടും പിന്നാലെ പോയാല്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നത് വേടിച്ചോളണമെന്നും ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

‘മാറി നില്ല്, എവിടെ പൊലീസ് എന്നെല്ലാം ചോദിച്ചിട്ടും വീണ്ടും പുറകെ പോകുകയാണെങ്കില്‍ കിട്ടുന്നത് വെടിച്ചോളുക,’ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.

നമ്മള്‍ ജനിക്കുന്നതിന് മുമ്പേ രാജ്യത്തുള്ളതും ഭരണഘടനയില്‍ ഉള്ളതുമായ വിഷയമാണ് വഖഫ്. അത്തരം വിഷയങ്ങളില്‍ അനാവശ്യമായ അഭിപ്രായം പറയേണ്ടതില്ല. മതേതരത്വമാണ് നമ്മുടെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മതേതരത്വം നശിക്കാത്ത ഒരിടം കേരളമാണ്. ദളിതര്‍ക്ക് നേരെ ക്രൂരതകള്‍ക്ക് ഇല്ലാത്ത ഇടവും കേരളമാണ്. എന്നാല്‍ അങ്ങനെയുള്ള കേരളത്തില്‍ വര്‍ഗീയത പറയുന്നത് ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അത് നിര്‍ത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്. വര്‍ഗീയത പ്രചരിപ്പിക്കുന്നത് നമ്മള്‍ സ്വയം ഒരു ബെല്‍റ്റ് ബോംബ് ധരിക്കുന്നതിന് തുല്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മതത്തില്‍ വിശ്വസിക്കാനും ജീവിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശം ഉറപ്പ് നല്‍കുന്നതാണ്. എന്നാല്‍ അടുത്തിടെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല, ആളുകളുടെ പേരെടുത്ത് പറയുന്നതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുനമ്പം സമരഭൂമിയില്‍ ലഘുലേഖകള്‍ പ്രചരിപ്പിച്ചത് ഉള്‍പ്പെടെ തെറ്റാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Content Highlight: Ganesh Kumar said he has nothing to say about Suresh Gopi