| Sunday, 16th July 2023, 10:39 pm

'നിലവിളക്ക് ഒരു മതത്തിന്റേത് മാത്രമല്ല'; പൊതുചടങ്ങില്‍ പാണക്കാട് തങ്ങളുടെ മതസൗഹാര്‍ദം ഉദാഹരിച്ച് ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണെന്നും നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ. കൊല്ലം വെട്ടിക്കവലയില്‍ പൊതുചടങ്ങ് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണെ ഉപദേശിച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എം.എല്‍.എ നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് ചെയര്‍പേഴ്‌സണെ ഉപദേശിച്ചത്.

വിളക്ക് കൊളുത്താന്‍ ക്ഷണിച്ചപ്പോള്‍ മതപരമായ തന്റെ വിശ്വാസത്തിനെതിരാണെന്ന കാരണം പറഞ്ഞ് ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പാണക്കാട് തങ്ങളുടെ മതസൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളെ ഉദാഹരിച്ചായിരുന്നു ഗണേഷ് കുമാറിന്റെ പ്രസംഗം.

‘ഞാന്‍ ഇവിടെ ഒരു തമാശ കണ്ടു. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പോള്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ തയ്യാറായില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞ് കത്തിക്കരുതെന്ന്. വിളക്ക് കൊളുത്താന്‍ പാടില്ലെന്ന് പറഞ്ഞുതന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്ക് കത്തിക്കുന്നുണ്ട്.

നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്. ഞാന്‍ ബൈബിള്‍ വായിക്കുന്ന ആളാണ്. വെളിച്ചം വേണ്ട എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല.

മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. ആ വേദിയില്‍ വെച്ച് അദ്ദേഹത്തിന് അമ്പലത്തില്‍ നിന്നും ഒരു ഉണ്ണിയപ്പം കൊടുത്തു.

മതവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം അത് കഴിക്കാതിരുന്നില്ല. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വെച്ചുതന്നെ കഴിച്ചു. അതുകൊാണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്‌സണ്‍ വിളക്ക് കത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല.’ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Content Highlights: ganesh kumar mla talks about nilavilakku and panakkad thangal

We use cookies to give you the best possible experience. Learn more