വിനായകന്‍ പ്രതിനായക വേഷത്തില്‍ തകര്‍ത്താടിയ രജിനീകാന്ത് ചിത്രം ജയിലര്‍ കണ്ട് നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍.
ജയിലര്‍ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞെന്നും അതുകൊണ്ടാണ് സിനിമ കാണാനെത്തിയതെന്നുമായിരുന്നു ഗണേഷ് പറഞ്ഞത്. രജിനീകാന്തിന്റെ പടമാണെങ്കില്‍ താന്‍ കണ്ടുനോക്കാറുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ വിനായകന്‍ പ്രതിനായകവേഷം ഗംഭീരമാക്കിയല്ലോ എന്ന ചോദ്യത്തിന് വിനായകനൊക്കെ നല്ല നടനല്ലേ, അതില്‍ ഒരു തര്‍ക്കവുമില്ലെന്നായിരുന്നു ഗണേഷിന്റെ മറുപടി. വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഗണേഷ് പറഞ്ഞു.
‘ ജയിലര്‍ കണ്ടവരെല്ലാം പടം നല്ലതാണെന്ന് പറഞ്ഞു. അപ്പോള്‍ ഒന്ന് കണ്ടുനോക്കാമെന്ന് വിചാരിച്ചു. അങ്ങനെയാണ് സിനിമ കാണാന്‍ വന്നത്. അല്ലെങ്കിലും രജിനീകാന്തിന്റെ പടമാണെങ്കില്‍ ഒന്ന് കണ്ട് നോക്കും. പിന്നെ റിവ്യൂ വായിച്ചപ്പോള്‍ പോസിറ്റീവാണ്,’ എന്നായിരുന്നു തിയേറ്ററില്‍ കയറുന്നതിന് മുന്‍പായി ഗണേഷ് പറഞ്ഞത്.
സിനിമയില്‍ ലാലേട്ടനും വിനായകനുമൊക്കെ ഉണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാവരും ഉണ്ടെന്നും എല്ലാവരും നല്ലതായിരിക്കുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി.
വിവാദത്തില്‍ നില്‍ക്കുന്ന വിനായകന്‍ പ്രതിനായക വേഷത്തില്‍ എത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് വിനായകനൊക്കെ നല്ല നടനല്ലേ, അതിലൊന്നും ഒരു തര്‍ക്കവുമില്ലെന്നായിരുന്നു ഗണേഷിന്റെ മറുപടി.
ഉമ്മന്‍ചാണ്ടിയുടെ വിയോഗവുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവന വലിയ വിവാദമായില്ലേ എന്ന ചോദ്യത്തിന് അതും ഇതുമായി ഒരു ബന്ധമില്ലെന്നും ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയില്‍ കഴിവുള്ളവരെ അംഗീകരിക്കുമെന്നും അതിനൊന്നും കുഴപ്പമില്ലെന്നും ചില പരാമര്‍ശങ്ങളിലേ അഭിപ്രായവ്യത്യാസമുള്ളൂവെന്നുമായിരുന്നു ഗണേഷ് പറഞ്ഞത്.
നടനെന്ന നിലയില്‍ അദ്ദേഹം ഓക്കെ ആണോ എന്ന ചോദ്യത്തിന്, തീര്‍ച്ചയായും ആണെന്നും മലയാളത്തിലെ എല്ലാ നടന്മാരും മികച്ചവരാണ് എന്നുമായിരുന്നു ഗണേഷിന്റെ മറുപടി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു പിന്നാലെ വിനായകന്‍ നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തെ ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.
വിനായകന്‍ അന്തസ്സില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്നും സ്വന്തം അച്ഛന്‍ ചത്തു എന്നു പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് സമൂഹം മനസ്സിലാക്കണമെന്നുമായിരുന്നു ഗണേഷ് പ്രതികരിച്ചത്.
ഇത്തരക്കാരെ കലാകാരന്മാരുടെ കൂട്ടത്തില്‍ പെടുത്താതെ ലഹരിയടിച്ച് റോഡില്‍ കിടക്കുന്നവരുടെ കൂട്ടത്തില്‍ പെടുത്തണമെന്നായിരുന്നു ഗണേഷ് പറഞ്ഞത്.
ആര് എന്തു സഹായത്തിനു ചെന്നാലും പാര്‍ട്ടി നോക്കാതെ ഇറങ്ങിത്തിരിക്കുന്ന ആളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാന്‍ ഒരു യോഗ്യതയുമില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ മാന്യതയുള്ളതുകൊണ്ടാണ് കേസ് വേണ്ടെന്ന് പറയഞ്ഞത്. പക്ഷേ ഇത്തരക്കാരെ വെറുതെ വിടാതെ പൊലീസ് കേസെടുക്കയോ കോടതി നേരിട്ട് ഇടപെട്ട് കേസെടുക്കുകയോ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
ഗണേഷിന് പരോക്ഷ മറുപടിയുമായി ഇതോടെ വിനായകനും രംഗത്തെത്തിയിരുന്നു. വിനോദ് അഴിക്കേരി എന്നയാളുടെ ഫേസ്ബുക് പോസ്റ്റ് പങ്കുവച്ചായിരുന്നു വിനായകന്റെ മറുപടി.
‘അച്ഛന്‍ കള്ളന്‍’ ആണെന്നു പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു എന്നു പറയുന്നതില്‍’ എന്നു തുടങ്ങുന്ന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിനായകന്റെ മറുപടി.
‘അച്ഛന്‍ കള്ളന്‍’ ആണെന്ന് പറയുന്നതിനേക്കാള്‍ അന്തസ്സുണ്ട് ‘അച്ഛന്‍ ചത്തു’ എന്ന് പറയുന്നതില്‍. വെറും ഗണേശന് ചുറ്റും മൈക്കും ക്യാമറയും കാണുമ്പോള്‍ ഞാന്‍ ശിവാജി ഗണേശന്‍ ആണെന്ന് ചിലപ്പോള്‍ തോന്നും. അതൊന്നും ഒരു തെറ്റല്ല, അധികം സംസ്‌കാരം ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ച് ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന കഥ വരെ ഞങ്ങള്‍ തോണ്ടി പുറത്തിടും എന്നിങ്ങനെയായിരുന്നു വിനായകന്‍ പങ്കുവച്ച കുറിപ്പിലെ പരാമര്‍ശങ്ങള്‍.
Content Highlight: Ganesh Kumar MLA about Vinayakan acting on Jailer