പത്തനാപുരം: പത്തനാപുരത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ജഗദീഷ് രംഗത്ത്.
ഗണേഷ് ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി താന്‍ സഹകരിക്കാറില്ലെന്നും ജഗദീഷ് പറഞ്ഞു.
സരിത എസ് നായര്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കത്തുകള്‍ക്ക് പിന്നില്‍ ഗണേഷ് കുമാറാണ്. ഗണേഷ് കുമാറിന്റെ കൈയക്ഷരം തനിക്ക് അറിയാം.
30 വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. സരിതയുടെ കത്ത് എഴുതിയത് തന്റെ സുഹൃത്താണെന്നും ആ കൈപ്പട ഇവിടെ ചിലവാകില്ലെന്നും ജഗദീഷ് പറഞ്ഞു.
അദ്ദേഹം ഇപ്പോള്‍ സരിതയെ സ്‌ഫോടക വസ്തുവായി ഉപയോഗിക്കുകയാണ്. ആ സ്‌ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
കയ്യിലിരിപ്പുകൊണ്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് ഗണേഷ്. അന്ന് അടികിട്ടിയതിന്റെ മേക്കപ്പൊന്നും നമ്മള്‍ മറന്നിട്ടില്ലെന്നും ജഗദീഷ് പറയുന്നു.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനുശേഷം ആദ്യമായി പത്തനാപുരത്ത് എത്തിയ ജഗദീഷിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് ഗണേഷ് കുമാറിനെതിരെ രൂക്ഷ ആരോപണങ്ങളുമായി ജഗദീഷ് എത്തിയത്.
സ്വന്തം അച്ഛന്‍ മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യനടന്‍ മലയാളത്തിലുണ്ടെന്നും സ്‌നേഹം നടിച്ച് വൈകാതെ അയാള്‍ നിങ്ങളുടെ അടുത്തെത്തുമെന്നും നേരത്ത് ജഗദീഷിനെ ഉന്നംവെച്ച് ഗണേഷ് പറഞ്ഞിരുന്നു.
പത്തനാപുരത്ത് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന കിട്ടിയതോടെയാണ് ജഗദീഷിനെതിരെ ഇങ്ങനെയൊരു പരാമര്‍ശം അദ്ദേഹം നടത്തിയത്.
സൗഹൃദങ്ങള്‍ തന്റെ ജീവിതത്തില്‍ വിലപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ തന്റെ നല്ല സുഹൃത്താണെന്നും ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടന്‍ ഞാനാണെന്ന് പറഞ്ഞാലും താന്‍ പ്രതികരിക്കില്ലെന്നുമായിരുന്നു അന്ന് ജഗദീഷ് പ്രതികരിച്ചത്.