| Friday, 15th September 2023, 12:32 pm

മന്ത്രിയാകാതിരിക്കാന്‍തക്ക പ്രശ്‌നങ്ങളുള്ള ആളല്ല ഗണേഷ്‌കുമാര്‍: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയാകാതിരിക്കാന്‍തക്ക പ്രശ്‌നമുള്ള വ്യക്തിയല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകളെ പൂര്‍ണമായും തള്ളിയ അദ്ദേഹം എല്‍.എഡി.എഫ് അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ലെന്നും പറഞ്ഞു.

മുന്നണിയിലെ ഒരു അംഗം മാത്രമുള്ള കക്ഷികളില്‍ ചിലര്‍ക്ക് മന്ത്രി സ്ഥാനം നല്‍കണമെന്ന് തുടക്കത്തിലേ മുന്നണിയെടുത്തിട്ടുള്ള തീരുമാനമാണെന്ന് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ആ തിരുമാനത്തിന് മാറ്റമില്ലെന്നും പറഞ്ഞു. മുന്‍ധാരണ പ്രകാരം രണ്ടര വര്‍ഷത്തിന് ശേഷമാണ് മന്ത്രിസ്ഥാനം മാറേണ്ടതെന്നും എന്നാല്‍ അതിന് നവംബര്‍ പകുതി വരെ സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്‌കുമാറിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് തടസ്സമാകില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുന്നു. കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയാകാതിരിക്കാന്‍തക്ക പ്രശ്‌നങ്ങളുള്ള ആളാണ് എന്ന ധാരണ തങ്ങള്‍കില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സോളാര്‍ കേസില്‍ കോണ്‍ഗ്രസിനകത്ത് തന്നെ അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറെ മാറ്റുമോ എന്ന ചോദ്യങ്ങള്‍ക്കും ഇ.പി. ജയരാജന്‍ മറുപടി പറഞ്ഞു.’ ഇപ്പോ എവിടുന്നാണ് ഇങ്ങനെയൊരു വാര്‍ത്ത വരുന്നത്. അദ്ദേഹം സ്പീക്കറായിട്ട് ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ. എവിടുന്നാണ് ഇങ്ങനെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതൊരു ശരിയായ പത്രപ്രവര്‍ത്തനമായിട്ട് എനിക്ക് തോന്നുന്നില്ല,’ ഇ.പി. ജയരാജന്‍ പറഞ്ഞു

അതേസമയം പുനസംഘടനുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് എ.എന്‍. ഷംസീറും ആന്റണി രാജുവും വ്യക്തമാക്കി.

content highlights: Ganesh Kumar is not a man with enough problems not to be a minister: E.P. Jayarajan

We use cookies to give you the best possible experience. Learn more