|

മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധം; ഇന്ന് ഞാന്‍ നാളെ നീ എന്ന് മനസിലാക്കിയാല്‍ നന്ന്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി നിയമസഭയില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ. തനിക്കെതിരായ വിമര്‍ശനം കാര്യമറിയാതെയാണെന്നും ഇന്നു ഞാന്‍ നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍.
മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അനില്‍ അക്കരെ എം.എല്‍.എയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്തും ചെയ്യാനുള്ള അധികാരം എം.എല്‍.എമാര്‍ക്കുണ്ടോയെന്നും വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നുമായിരുന്നു എം.എല്‍.എയുടെ ചോദ്യം.


ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; രാഹുലിന് പിറന്നാളാശംസ നേര്‍ന്ന് മോദി


തുടര്‍ന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറയാനായി എഴുന്നേറ്റു. വിഷയത്തില്‍ അഞ്ചല്‍ സി.ഐയെ സ്ഥലംമാറ്റിയിട്ടുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് ബഹളം വെച്ചു.

ഇതോടെയാണ് തനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റത്. ബൈബിളിലെ സങ്കീര്‍ത്തനം അഞ്ച് മുതല്‍ 15 വരെ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ വായിക്കണമെന്നും ഇന്നു ഞാന്‍ നാളെ നീ എന്ന വചനം ഓര്‍ക്കണമെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകള്‍.

എന്നായാലും തനിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയും. അപ്പോഴെങ്കിലും അത് തിരുത്താന്‍ പ്രതിപക്ഷത്തുള്ള, തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ തയ്യാറാകണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.