തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിന്നും നദീജല തര്‍ക്കം സംബന്ധിച്ച രേഖകള്‍ ചോര്‍ത്തി നല്‍കിയ തമിഴ്‌നാട് പി.ആര്‍.ഡി ഉദ്യോഗസ്ഥന്‍ സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്ക് തമിഴ്‌നാട്ടില്‍ താമസ സൗകര്യമൊരുക്കിയതായി റിപ്പോര്‍ട്ട്.[]
പറമ്പിക്കുളം-ആളിയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്താന്‍ പി.ആര്‍.ഡി ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണണത്തിലാണ് സംസ്ഥാനത്തെ ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ഉണ്ണകൃഷ്ണനുമായി ബന്ധമുള്ളതായും ഇയാളുമായി നിരന്തരം ബന്ധപ്പെട്ടതുമായി കണ്ടെത്തിയത്.
ഉണ്ണികൃഷ്ണന് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കിയതായും തമിഴ്‌നാട്ടില്‍ വിനോദസഞ്ചാരത്തിന് സൗകര്യം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ അന്ന് മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനും മന്ത്രി അനൂപ് ജേക്കബിനും അടുത്തിടെ തമിഴ്‌നാട്ടില്‍ താമസ സൗകര്യമൊരുക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശാസ്തമംഗലം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുവെന്നാണ് കണ്ടെത്തിയത്.
സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലും പ്രവേശിക്കുന്നത്.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും വിവരം ചോര്‍ത്താന്‍ കേരളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ സഹായം നല്‍കിയിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയിച്ചിട്ടുണ്ട്.