നടന്‍ മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാര്‍. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതെന്ന് അറിയില്ലെന്നും മമ്മൂട്ടിയെ ഒരു റോള്‍ മോഡല്‍ ആയി കണ്ടിട്ടുള്ള ആളാണ് താനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ന്യൂസ് എയ്റ്റീന്‍ കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്. പക്ഷെ പുള്ളിക്ക് എന്നെ അത്ര ഇഷ്ടമല്ല, അത് എന്തുകൊണ്ടാണെന്ന് അറിയില്ല, അതിന്റെ കാര്യം മനസിലായിട്ടില്ല. മമമ്മൂട്ടിയെന്ന ആളിനെ എന്റെ റോള്‍ മോഡല്‍ ആയിട്ടും നടന്‍ എന്ന നിലയിലുമൊക്കെ കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. പുള്ളി നമ്മളോടൊക്കെ അകന്ന് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല, അതൊന്നും കുഴപ്പമില്ല. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തില്‍ കൂടുതലായി. കിങ് എന്ന പടമാണ് അവസാനമായി ഒരുമിച്ച് അഭി നയിച്ചത്. പുള്ളിയോട് ഇക്കാര്യം ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അങ്ങനെയൊന്നും ഞാന്‍ ആരോടും ചോദിക്കുകയുമില്ല,’ ഗണേഷ് കുമാര്‍ പറഞ്ഞു.
അമ്മയുടെ മീറ്റിങ്ങില്‍ കാണുമ്പോള്‍ മമ്മൂക്കയോട് സംസാരിക്കാറുണ്ടെന്നും താന്‍ ആദ്യം മമ്മൂക്കയെ കാണുമ്പോള്‍ 36 വയസാണെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മയുടെ മീറ്റിങ്ങിനൊക്കെ കാണാറും സംസാരിക്കാറുമൊക്കെയുണ്ട്. എന്തുകൊണ്ടോ അദ്ദേഹത്തിന് നമ്മളോട് ഇഷ്ടമല്ല. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ആരാധിച്ച ആളാണ്. ഞാന്‍ ആദ്യം മമ്മൂക്കയെ കാണുമ്പോള്‍ അദ്ദേഹത്തിന് 36 വയസാണ്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു എനിക്ക് 36 വയസാണെന്ന്, ഞാന്‍ അന്ന് സിനിമയില്‍ ഒന്നുമില്ല, കോളേജ് വിദ്യാര്‍ത്ഥിയാണ്. അന്ന് പരിചയപ്പെട്ടതാണ്. പക്ഷെ ഞാന്‍ വളരെ സ്‌നേഹവും ബഹുമാനവുമൊക്കെ കൊടുക്കുന്നുണ്ട്. എന്തുകൊണ്ടോ പുള്ളിക്കൊരു വിരോധം പോലെ, കാര്യം മനസിലായിട്ടില്ല,’ ഗണേഷ് കുമാര്‍ പറഞ്ഞു.
താന്‍ ഇതുവരെ ആരോടും അവസരം ചോദിച്ചിട്ടില്ലെന്നും താന്‍ അഭിനയിക്കേണ്ട സിനിമകളില്‍ അഭിനയിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ആരോടും പോയി ഇതുവരെ എനിക്ക് ഒരു അവസരം നല്‍കണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ടോ ദൈവം അതിനുള്ള അവസരം തന്നിട്ടില്ല. വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന പോലെ നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരിക്കുന്നു എന്ന് പറഞ്ഞ പോലെ ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍,’ ഗണേഷ് കുമാര്‍ പറഞ്ഞു.
ലാലേട്ടന്‍, ഇടവേള ബാബു, സിദ്ദിഖ് എന്നിവരെ ഒക്കെ താന്‍ വിളിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളൊക്കെ എപ്പോഴും സംസാരിക്കുന്ന ആളുകളാണ്. ജയറാമിനെ വളരെ അപൂര്‍വ്വമായി വിളിക്കാറുണ്ട്. മുകേഷിനോട് ഫോണിലും സംസാരിക്കും നേരിട്ടും സംസാരിക്കും. മുകേഷിന്റെ അടുത്ത് എപ്പോഴും പോയിരിക്കും മുകേഷിന്റെ തമാശ കേട്ടുകഴിഞ്ഞാല്‍ രണ്ട് ദിവസത്തേക്ക് ചിരിക്കാനുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Content Highlights: Ganesh comment about mammootty