| Tuesday, 15th March 2022, 8:44 am

കോണ്‍ഗ്രസ് തോറ്റെങ്കില്‍ കാരണം 'ഗാന്ധിമാര്‍' തന്നെ; കുറ്റപ്പെടുത്തി അമരീന്ദര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പൂര്‍ണ്ണ ഉത്തരവാദി ഗാന്ധിമാരാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

താന്‍ മുഖ്യമന്ത്രിയായി സ്ഥാനമൊഴിയുന്നതിന് മുമ്പ് വരെ പാര്‍ട്ടി പഞ്ചാബില്‍ ‘സുഖകരമായി’ നിലയുറപ്പിച്ചുവെന്നും അമരീന്ദര്‍ സിംഗ് അവകാശപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഉണ്ടായ പരാജയത്തിന് പിന്നാലെയാണ് വിമര്‍ശനം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെയും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെയും അമരീന്ദര്‍ സിംഗ് വിമര്‍ശിച്ചു. സിദ്ദു ‘ആഡംബരം’ കാണിക്കുന്ന ആളാണെന്നും ചന്നി അഴിമതിക്കാരനാണെന്നും സിംഗ് പരിഹസിച്ചു.

‘സ്വന്തം തെറ്റുകള്‍’ സമ്മതിക്കുന്നതിനുപകരം പഞ്ചാബിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചുമത്താന്‍ ശ്രമിച്ചതിന് സി.ഡബ്ല്യു.സിയെ അദ്ദേഹം വിമര്‍ശിച്ചു.

പഞ്ചാബില്‍ മാത്രമല്ല, ഉത്തരാഖണ്ഡിലും യു.പിയിലും ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് തോറ്റിട്ടുണ്ടെന്നും പാര്‍ട്ടിയുടെ നാണംകെട്ട തോല്‍വിക്ക് ഗാന്ധിമാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴായിരുന്നു അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഇനിയും അപമാനം സഹിച്ച് തുടരില്ലെന്നുപറഞ്ഞായിരുന്നു അദ്ദേഹം രാജിവെച്ച് പാര്‍ട്ടി വിട്ടത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്തിരുന്നു. നേതൃത്വ മാറ്റം ശക്തപ്പെട്ട സാഹചര്യത്തിലാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കള്‍ രംഗത്തുവരികയും ചെയ്തിരുന്നു.

എന്നാല്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം തുടരണമെന്നായിരുന്നു യോഗത്തിന്റെ തീരുമാനം.

Content Highlights: “Gandhis To Blame” For “Shameful Defeat”: Captain Amarinder Singh

We use cookies to give you the best possible experience. Learn more