| Saturday, 18th January 2020, 10:39 am

ഗാന്ധിവധത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത സംഭവം; തെളിവുകള്‍ മായ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് തുഷാര്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗാന്ധി സ്മൃതിയില്‍ നിന്നും ഗാന്ധിവധത്തന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതിനെതിരെ കടുത്ത ഭാഷയില്‍ പ്രതിഷേധമറിയിച്ച് ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ചരിത്രം മായ്ച്ചുകളയുവാനും തിരുത്തിയെഴുതാനുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നടപടിയെന്നും തുഷാര്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചു.

ഡിജിറ്റൈസേഷന്റെ ഭാഗമെന്ന പേരില്‍ മാറ്റിയ എല്ലാ ചിത്രങ്ങളും പുനസ്ഥാപിക്കണമെന്നും തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗാന്ധി അവസാന നാളുകള്‍ ചിലവിട്ട ബിര്‍ള ഹൗസാണ് പിന്നീട് ഗാന്ധി സ്മൃതി മന്ദിരമാക്കിയത്. ഗോഡ്‌സേയുടെ വെടിയേറ്റ് ഗാന്ധി മരിച്ചുവീണതും ഇവിടെയാണ്.

അവസാന നിമിഷങ്ങളുള്‍പ്പെടെ ഗാന്ധിയുടെ ജീവിതത്തിലെ പല സുപ്രധാന നിമിഷങ്ങളും പകര്‍ത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ എടുത്ത ഗാന്ധി കൊല്ലപ്പെടുന്നതിന്റെയും മരണാന്തര ചടങ്ങുകളുടേയും വിവിധ ഫോട്ടോകളായിരുന്നു മന്ദിരത്തിന്റെ ചുമരുകളിലുണ്ടായിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം താന്‍ സ്മൃതി സന്ദര്‍ശിക്കാനായി എത്തിയപ്പോഴാണ് ഫോട്ടോകളെല്ലാം നീക്കം ചെയ്ത് അവിടെ വലിയ ടിവി സ്‌ക്രീനുകള്‍ വെച്ചിരിക്കുന്നത് കണ്ടതെന്നും ഇതില്‍ യാതൊരു ക്രമമോ കൃത്യമായ വിശദീകരണമോ കൂടാതെ ചിത്രങ്ങള്‍ വന്നുപോകുകയാണെന്നും തുഷാര്‍ ഗാന്ധി ദി പ്രിന്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചിത്രം നീക്കിയതെന്നും ഗാന്ധിവധത്തിന്റെ ചരിത്രം മാച്ചുകളയാനുള്ള നീക്കമാണിതെന്നും ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി ആരോപിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന ഈ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിവധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാറ്റിമറിക്കുന്നതിന് വേണ്ടി ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും തുഷാര്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു.

ഗാന്ധിവധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹരജിയും ഗുജറാത്തിലെ സ്‌കൂളുകളില്‍ ഗാന്ധി എങ്ങിനെയാണ് ആത്മഹത്യ ചെയ്തതെന്ന് പരീക്ഷക്ക് ചോദ്യമായി വന്നതുമെല്ലാം ഈ അജണ്ടയുടെ ഭാഗമാണെന്ന് തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ക്കുന്നു.

ഡിജിറ്റലൈസേഷന്റെ ഭാഗമായാണ് ചിത്രങ്ങള്‍ നീക്കിയതെന്നാണ് സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചത്. ചിത്രങ്ങള്‍ നിറം മങ്ങിയതിനാലാണ് മാറ്റിയതെന്നും ഇവ ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

We use cookies to give you the best possible experience. Learn more